ബലാല്‍സംഗക്കേസില്‍ റാപ്പര്‍ വേടന്‍ ഒളിവില്‍ത്തന്നെയെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ. വേടനെ പൊലീസ് സംരക്ഷിക്കുന്നില്ല. വിദേശത്തേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എടുത്തെന്നും കമ്മിഷണര്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും പുട്ട വിമലാതിദ്യ പറഞ്ഞു.
Also Read: ‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാകില്ല’; വേടന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കേസിൽ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെയാണ് അറസ്റ്റിനുള്ള വിലക്ക്. വേടനെതിരെ കൂടുതല്‍ പരാതികള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചുവെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി വാദിച്ചു. എന്നാൽ ക്രിമിനൽ നടപടിക്രമത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പങ്കെന്ന് കോടതി ചോദിച്ചു. വേടനെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. വാദത്തിനിടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് പരാതിക്കാരിയോട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വേടന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. വേടനെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഇന്ന് പൊലീസ് അറിയിക്കും. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്.