കാസർകോട് പ്രധാന അധ്യാപകൻ കുട്ടിയുടെ മുഖത്തടിച്ച് കർണ്ണപടം തകർന്നതിൽ കേസ്. കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എം.അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷമാണ് ജാമ്യമില്ല വകുപ്പിൽ കേസെടുത്തത്.

അസംബ്ലിയില്‍ അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് പ്രധാന അധ്യാപകൻ എം.അശോകന്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കോളറിന് പിടിച്ച് മുഖത്തടിച്ചത്. സംഭവം പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്കൂളിലേക്ക് ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയുമുണ്ടായി. ഇതിനിടെ ഒരു ലക്ഷം രൂപ സ്കൂൾ അധികൃതര്‍ വാഗ്ദാനം ചെയ്തായി കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.

കുട്ടിയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായി സ്കൂള്‍ പിടിഎ പ്രസിഡന്‍റും സമ്മതിച്ചു. ചികിത്സയ്ക്കായാണ് പണം വാഗ്ദാനം ചെയ്തെന്നാണ് പിടിഎ പ്രസിഡന്‍റ് പറഞ്ഞത്. കുട്ടിയെ അടിച്ചതായി അധ്യാപകൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Teacher assault on student in Kasargod is a serious issue. The headmaster is facing charges after allegedly slapping a student, causing an ear injury, and the incident has sparked widespread protests and a police investigation.