കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭ പ്രഖ്യാപനത്തിന് ഒരാണ്ട്. എന്നാൽ പ്രഖ്യാപനമല്ലാതെ ഇതുവരെ അതുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രഖ്യാപനം പാലിക്കാൻ പോയിട്ട് 2017 ശേഷം പുതിയ ക്യാമ്പ് പോലും ജില്ലയിൽ നടന്നിട്ടില്ല.
ഇത് അമ്പലത്തറ സ്വദേശിയായ 14 കാരി ദിൽഷ. കുട്ടിക്ക് സ്വന്തമായി ഒന്നും ചെയ്യാനാകില്ല. മാതാപിതാക്കളുടെ കണ്ണ് തെറ്റിയാൽ ശരീരത്തിൽ മുറിവേൽക്കും. ഭാരിച്ച ചികിത്സാ ചെലവുകൾ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. കുട്ടിയെ ഒറ്റയ്ക്കിരുത്തി പോകാനാകാത്തതിനാൽ ലോറി ഡ്രൈവർ ആയ പിതാവിൻറെ വരുമാനത്തിൽ മാത്രമാണ് കുടുംബം കഴിയുന്നത്. 2017 ന് ശേഷം പുതിയ ക്യാമ്പ് നടക്കാത്തതിനാൽ ഒരു രൂപ പോലും ഇവർക്ക് ചികിത്സാ സഹായം ലഭിക്കുന്നില്ല.
കാലങ്ങളായി സമരം ചെയ്യുന്ന 1031 കുടുംബങ്ങളുടെയും അവസ്ഥ വിഭിന്നമല്ല. ഇവരെ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് കടലാസിന്റെ പോലും വിലയുണ്ടായില്ല. ഉദ്യോഗസ്ഥർ അറിഞ്ഞ ഭാവമില്ല. നിലവിൽ ലിസ്റ്റിൽ ഉള്ളവർക്ക് ആവട്ടെ കൃത്യമായ ചികിത്സയും ലഭിക്കുന്നില്ല. ഇതോടെ ഇരകൾ ഇനിയും തെരുവിൽ ഇറങ്ങണോ അതോ ചത്തൊടുങ്ങണോ എന്നാണ് സർക്കാരിനോട് ഇവർ ചോദിക്കുന്നത്.