കിണറുകളില്‍പോലും അപകടകാരികളായ അമീബയുടെ സാന്നിധ്യം കണ്ടതോടെ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയാകുന്നു. മൂന്നുമാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചുപേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. ഈവര്‍ഷം ഇതുവരെ ചികില്‍സ തേടിയ 22 പേരില്‍ എട്ടുപേര്‍ മരണത്തിന് കീഴടങ്ങി.
കിണര്‍ പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് രോഗികളുടെ എണ്ണത്തിലെ വര്‍ധന. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരുടെയും വീടുകളിലെ കിണറുകളില്‍ നിന്ന് അപകടകാരിയായ അമീബയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ മാത്രം ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് എട്ടുപേര്‍ക്കാണ്. ഇതില്‍ നാലുപേര്‍ മരിച്ചു.
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് രോഗ ബാധയുണ്ടായതും വീട്ടിലെ കിണറില്‍ നിന്നാണെന്നാണ് നിഗമനം. രോഗികളുടെ എണ്ണം കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക കൂട്ടുന്നുണ്ട്. മലിനമായ വെള്ളവും കാലാവസ്ഥ വ്യതിയാനവുമാണ് അമിബയുടെ സാന്നിധ്യം കൂടാനുള്ള പ്രധാനകാരണം. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങളുമായി വന്ന യുവാവിനും അമിബീക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള യുവാവിന് രോഗം ബാധയുണ്ടായത് വീട്ടിലെ അക്വേറിയത്തില്‍ നിന്നാണ്. നിപ പോലെ അമീബിക് മസ്തിഷ്ക ജ്വരത്തിന്റ കാര്യത്തിലും അതീവജാഗ്രത ഉണ്ടായേ മതിയാകു..