പി.എം കുസും പദ്ധതിയുടെ മറവില്‍ അനര്‍ട്ടില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് രമേശ് ചെന്നിത്തല എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. സ്വയം ശേഖരിച്ച തെളിവുകള്‍ അടക്കമാണ് പരാതി. നൂറുകോടിയോളം രൂപയുടെ ക്രമക്കേടുകളെക്കുറിച്ച് അഴിമതി നിരോധന നിയമപ്രകാരം വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും കേരളത്തില്‍ നടപ്പാക്കിയതിലെ ക്രമക്കേടുകളാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. അനര്‍ട്ട് സി.ഇ.ഒയ്ക്കെതിരെയാണ് ആരോപണങ്ങള്‍. ടെന്‍ഡര്‍ വിളിച്ചതുമുതല്‍ ക്രമക്കേടുകളുടെ കുത്തൊഴുക്കാണ് പദ്ധതിയില്‍ എന്ന് ചെന്നിത്തലയുടെ പരാതിയില്‍ പറയുന്നു. 5 കോടി രൂപ വരെയുള്ള ടെന്‍ഡറുകള്‍ വിളിക്കാന്‍ മാത്രം അധികാരമുള്ള സി.ഇ.ഒ നേരിട്ട് 240 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കിയതുമുതല്‍ ക്രമക്കേട് ആരംഭിക്കുന്നു.
ആദ്യ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത അതിഥി സോളര്‍ എന്ന കമ്പനി പിന്നീട് പിന്‍മാറിയതില്‍ ദുരൂഹതയുണ്ട്. സാധാരണ ടെന്‍ഡര്‍ ലഭിക്കുന്നവര്‍ പിന്‍മാറിയാല്‍ അവര്‍ കെട്ടിവച്ച തുക കണ്ടുകെട്ടാറുണ്ട്. എന്നാല്‍ ഈ കമ്പനിയുടെ കാര്യത്തില്‍ അത്തരം നടപടികളൊന്നും ഉണ്ടായില്ല. ആദ്യ കരാറിനെക്കാള്‍ വളരെ ഉയര്‍ന്ന തുകയ്ക്കാണ് രണ്ടാം ടെന്‍ഡര്‍ അംഗീകരിച്ചത്. കേന്ദ്രം നിശ്ചയിച്ച നിരക്കിനെക്കാള്‍ 145 ശതമാനം അധികമായിരുന്നു ഇതെന്ന് ചെന്നിത്തല പരാതിയില്‍ പറയുന്നു.
‘റീടെന്‍ഡര്‍ നടത്തിയിട്ടും ടാറ്റാ സോളറിനെ തെരഞ്ഞെടുക്കാന്‍ മനപൂര്‍വം ശ്രമിച്ചു. കോണ്ടാസ് ഓട്ടമേഷന്‍ എന്ന സ്ഥാപനം ക്വോട്ട് ചെയ്ത കുറഞ്ഞ നിരക്ക് അവഗണിച്ചാണ് ടാറ്റയെ തെരഞ്ഞെടുത്തത്. ഇ ടെന്‍ഡറില്‍ ക്വോട്ട് ചെയ്ത തുക നിയമവിരുദ്ധമായി തിരുത്തുകയും ചെയ്തു.’ താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇ ടെന്‍ഡറിലെ തുകയില്‍ തിരുത്തല്‍ വരുത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.
‘ക്രമവിരുദ്ധമായ ഇടപാടുകള്‍ വഴി സര്‍ക്കാരിനുണ്ടായ യഥാര്‍ഥ നഷ്ടം ആഴത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. നിയമവിരുദ്ധ ഇടപാടുകള്‍ നടത്തുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്തവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.1988 ലെ അഴിമതി നിരോധന നിയമത്തിലെ ഏഴാ വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി വകുപ്പും അനുസരിച്ച് അഴിമതിയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ചെയ്തിട്ടുണ്ട്’. ഈ സാഹചര്യത്തില്‍ ആരോപണവിധേയര്‍ക്കെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.