എല്ലാവരോടും സ്നേഹം മാത്രമുള്ള, എല്ലാവർക്കും പ്രിയങ്കരനായിരുന്ന എൽദോയെ കുറിച്ചാണ് ഇനി. 12 വർഷം ഒരു നാടിന്റെ സ്നേഹഭാജനമായിരുന്ന എൽദോ, നാട്ടുകാരെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ഏപ്രിൽ 24ന് വിടപറഞ്ഞു.തൃപ്പൂണിത്തുറ എരൂരിലെ ആ എൽദോ ആരാണെന്നും നാട്ടുകാർ എന്തിനാണ് എൽദോയുടെ പ്രതിമ സ്ഥാപിച്ചതെന്നും അറിയുമ്പോൾ, കൗതുകത്തേക്കാൾ കൂടുതൽ വേദനയാണ് തോന്നുക.
10-12 വർഷങ്ങൾക്കു മുൻപ്, എരൂർ കോഴിവെട്ടുംവെളിയിലെ ഒരു വൈകുന്നേരം.ദേഹം എല്ലാം ചെളി പറ്റി ഒരു കുഞ്ഞു നായക്കുട്ടി റോഡിൽ കിടക്കുന്നു. നാട്ടുകാര്‍ അവനെ എടുത്ത് വൃത്തിയാക്കി.പയ്യെ പയ്യെ എല്‍ദോയെ അവരിലൊരാളാക്കി.
എൽദോ അങ്ങനെ വളർന്നു. കല്യാണ വീടുകളിലും മരണവീടുകളിലും നാട്ടുകാരിൽ ഒരാളായി മാറി. ആരും അനിഷ്ടം കാണിച്ചില്ല. എൽദോയെ എന്ന് വിളിച്ച് ആളുകൾ കൂടെ കൂട്ടി.തൊട്ടടുത്ത ബേക്കറിയില്‍ നിന്ന് ഒരു കേക്ക് വാങ്ങി എല്‍ദോയ്ക്ക് നല്‍കുക പതിവായി. പിന്നീടങ്ങോട്ട് ആ കേക്ക് എല്‍ദോ കേക്ക് എന്നറിയപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ 24ന് ആരോടും പറയാതെ, ഒരു സൂചനയും നൽകാതെ എൽദോയങ്ങു പോയി. എൽദോയുടെ ജീവനില്ലാത്ത ശരീരം കണ്ട് കുഞ്ഞുമക്കളും മുത്തശ്ശി മുത്തശ്ശന്മാരും വിങ്ങിപ്പൊട്ടി. അങ്ങനെ അവന്‍റെ ഓര്‍മയ്ക്കായി നാട്ടുകാര്‍ എല്‍ദോയുടെ പ്രതിമ സ്ഥാപിച്ചു. എരൂരുകാര്‍ക്കൊപ്പം അവനിപ്പോഴും ജീവിക്കുന്നു.