കൊച്ചി കളമശ്ശേരിയിൽ ലോറിക്കടിയിൽ കുരുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. പെരുമ്പാമ്പിനെ കാണാൻ യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് രാവിലെയാണ് കളമശ്ശേരി നഗരസഭ ഓഫീസിന് സമീപം ലോറിക്കടിയിൽ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ നിലയിലായിരുന്നു പാമ്പ്. ലോറിക്കടിയിൽ പാമ്പുണ്ടെന്ന് അറിഞ്ഞ് വാഹനങ്ങൾ നിർത്തിയിട്ട് യാത്രക്കാർ തടിച്ചു കൂടി. ഇതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കൗൺസിലർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യമുള്ള കളമശ്ശേരി സ്വദേശി മുഹമ്മദ് റഫീക്ക് പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.