എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
രാത്രിയില്‍ ഉറക്കമുണരുമ്പോള്‍ കിടക്കയില്‍ ഒരു പാമ്പിനെ കണ്ടാല്‍ എന്തുസംഭവിക്കും? എങ്കില്‍ അത്തരത്തില്‍ ഭയപ്പെടുത്തുന്നൊരു അനുഭവമാണ് ഓസ്ട്രേലിയയിലെ ഒരു യുവതിക്കുണ്ടായിരുന്നത്. യുവതി അർദ്ധരാത്രി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് ചുരുണ്ടുകൂടി സുഖമായി ഉറങ്ങുന്ന ഭീമന്‍ പെരുമ്പാമ്പിനെയാണ്. അതും സ്വന്തം നെഞ്ചില്‍.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടാണ് ബ്രിസ്ബേൻ നിവാസിയായ റേച്ചൽ ബ്ലൂര്‍ ഉറക്കമുണര്‍ന്നത്. തന്‍റെ വളര്‍ത്തുനായ ആയിരിക്കുമെന്ന് കരുതി പാതി ഉറക്കത്തില്‍ റേച്ചല്‍ തന്‍റെ നെഞ്ചിലെ വസ്തുവിനെ കൈകൊണ്ടു തലോടി. എന്നാല്‍ മിനുസമാർന്ന വഴുവഴുപ്പുള്ള എന്തോ ഒന്നായി തോന്നുകയായിരുന്നു. റേച്ചല്‍ ഉടനെ അനങ്ങാതെ ഭർത്താവിനെ ഉണർത്തി ലൈറ്റുകൾ ഓൺ ചെയ്യാൻ പറയുകയായിരുന്നു.
റേച്ചലിന്‍റെ ഭര്‍ത്താവ് ബെഡ്സൈഡ് ലാമ്പ് ഓണാക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹം റേച്ചലിനോട് പറഞ്ഞു. ‘അനങ്ങരുത്. നിന്‍റെ മേൽ രണ്ടര മീറ്റര്‍ നീളമുള്ള ഒരു പെരുമ്പാമ്പാണ് കിടക്കുന്നത്’. പിന്നെ പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഉടന്‍ റേച്ചല്‍ മുറിയില്‍ കിടന്നിരുന്ന വളര്‍ത്തുനായകളുമായി പുറത്തേക്ക് പോകാന്‍ ഭര്‍ത്താവിനോട് പറഞ്ഞു.
റേച്ചലിന്‍റെ ശരീരത്തിലുണ്ടായിരുന്ന പുതപ്പിന് മുകളിലായിരുന്നു പെരുമ്പാമ്പ് കിടന്നിരുന്നത്. ഇതോടെ പുതപ്പിനടിയില്‍ നിന്നും പതിയെ പുറത്തുകടക്കാനുള്ളശ്രമമായി. ഒടുവില്‍ എങ്ങിനെയെല്ലാമോ പുതപ്പിനടിയില്‍ നിന്ന് പുറത്തെത്തിയതോടെയാണ് റേച്ചലിന് ശ്വാസം നേരെ വീണത്. ജനലിലൂടെയായിരിക്കാം പെരുമ്പാമ്പ് കിടക്കയില്‍ എത്തിയതെന്നാണ് റേച്ചല്‍ കരുതുന്നത്. വിഷമില്ലാത്ത പെരുമ്പാമ്പായിരുന്നു അത്. ‘അത് വളരെ വലുതായിരുന്നു, എന്‍റെ മേൽ ചുരുണ്ടുകൂടിയിരുന്നിട്ടും, അതിന്റെ വാലിന്‍റെ ഒരു ഭാഗം അപ്പോഴും ഷട്ടറിന് പുറത്തായിരുന്നു’ റേച്ചല്‍ പറയുന്നു.
പിന്നാലെ റേച്ചല്‍ തന്നെയാണ് ധൈര്യത്തോടെ പെരുമ്പാമ്പിനെ എടുത്ത് ജനലിലൂടെ പുറത്തേക്ക് മാറ്റിയത്. താൻ എടുത്തപ്പോളും അത് വലിയ പരിഭ്രാന്തിയൊന്നും കാണിച്ചില്ലെന്നും റേച്ചല്‍ പറയുന്നുണ്ട്. പാമ്പുകള്‍ ധാരളമുള്ള ഒരു പ്രദേശത്ത് വളര്‍ന്നതിനാല്‍ റേച്ചലിനും വലിയ ഭയമൊന്നുമില്ലായിരുന്നു. ‘നിങ്ങൾ ശാന്തരാണെങ്കിൽ, അവരും ശാന്തരായിരിക്കും’ എന്നാണ് റേച്ചല്‍ പറയുന്നത്. അതേസമയം, അത് ഒരു തവള അല്ലായിരുന്നത് ഭാഗ്യമെന്നും റേച്ചല്‍ തമാശരൂപേണ പറഞ്ഞു.
ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നവയാണ് കാർപെറ്റ് പൈത്തണുകള്‍. സാധാരണയായി പക്ഷികൾ പോലുള്ള ചെറിയ സസ്തനികളെയാണ് ഇവ ഭക്ഷണമാക്കാറുള്ളത്. പ്രജനന കാലം അവസാനിക്കുകയും മുട്ടകൾ വിരിയാൻ തുടങ്ങുകയും ചെയ്തതോടെ ഇവയെ സാധാരണയില്‍ കൂടുതലായി പ്രദേശത്ത് കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്.