2022 ലെ തിരുവോണം ബംപര്‍ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് അന്ന് വലിയ ആഘോഷമായിരുന്നു. ലോട്ടറിയടിച്ചതിന് പിന്നാലെ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയതെന്നും സഹായം ചോദിച്ച ആള്‍ക്കാരെത്തുന്നതും അനൂപ് പറഞ്ഞിരുന്നു. പിന്നീട് സാഹചര്യം മാറിയതോടെ അനൂപ് ലോട്ടറി കടയും ഹോട്ടലും ആരംഭിച്ചിരുന്നു. ലോട്ടറിയടിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ബംപര്‍ സമ്മാനത്തില്‍ നിന്നും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് പറയുകയാണ് അനൂപ്.
രണ്ടു വര്‍ഷമായി ആ തുകയില്‍ നിന്നും ഒന്നും ചെയ്തിട്ടില്ല. പുതിയകാര്‍, വീട്, ബിസിനസ് എന്നിവയ്ക്കൊന്നും ആ തുക ചെലവാക്കിയിട്ടില്ല. കൃത്യമായി രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്നാണ് അനൂപ് പറയുന്നത്.
ലോട്ടറി അടിച്ച തുക ഇതുവരെ എടുത്തിട്ടില്ലെന്നും അതിന്റെ പലിശ മാത്രമാണ് എടുക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇതില്‍ നിന്നുള്ള പലിശയ്ക്കാണ് ബിസിനസ് ആരംഭിച്ചത്. ഒരു പുതിയ വീട് പോലും വെച്ചിട്ടില്ല. മറ്റൊരാള്‍ വെച്ച പഴയ വീടാണ് വാങ്ങിച്ചത്. ഒരു ബി.എം.ഡബ്ലു വാങ്ങണമെന്ന് നേരത്തെ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അതിന് പണമുണ്ട്. പക്ഷെ വാങ്ങിയിട്ടില്ല. ജീവിതം വലിയ ആഢംബരത്തിലേക്ക് പോയിട്ടില്ലെന്നും അനൂപ് പറഞ്ഞു.
വന്ന പണം പോകാന്‍ അധികം കാലമൊന്നും വേണ്ട. ഇനി ഇങ്ങനെ പൈസ ഒരിക്കലും കിട്ടില്ല. ഈ പൈസ അതിന്റെ ഇരട്ടിയാക്കുകയാണ് വേണ്ടത്. അല്ലാതെ അത് നശിപ്പിക്കരുതെന്നും അനൂപ് പറയുന്നു. ലോട്ടറി അടിച്ച സമയത്ത് പലരും വിളിച്ച് ഉപദേശിച്ചിരുന്നു. അതനുസരിച്ചാണ് പോകുന്നത്. ടാക്സിനെ പറ്റിയൊക്കെ പലരും വിളിച്ചു പറഞ്ഞു. അതൊന്നും തള്ളികളഞ്ഞില്ല. അതുകൊണ്ടാണ് കറക്ടായി പോകുന്നതെന്നും അനൂപ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.