vedan-girlfriend

ബലാല്‍സംഗക്കേസില്‍ റാപ്പര്‍ വേടന്‍ ഒളിവിലാണെന്ന പൊലീസ് വാദം കള്ളമാണോ? ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി വേടനെ തിരയുന്നുവെന്നു പൊലീസ് ഭാവിക്കുമ്പോള്‍ വേടനൊപ്പം ജന്‍മദിനം ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് വേടന്റെ ഗേള്‍ഫ്രണ്ട്. പുതിയ ചിത്രമാണോ എപ്പോള്‍, എവിടെ വച്ചെടുത്തതാണ് എന്നൊന്നും വ്യക്തമല്ലെങ്കിലും ഒട്ടേറെ പേരാണ് വേടനും കൂട്ടുകാരിക്കും ആശംസകളും പിന്തുണയും അറിയിച്ചിരിക്കുന്നത്.

ചിത്രവും സാഹചര്യവും തീര്‍ത്തും വ്യക്തിപരമാണെങ്കിലും ചിലരെങ്കിലും ചോദ്യം ചെയ്യുന്നത് കേരളാ പൊലീസിന്റെ നിലപാടാണ്. വേടന്‍ ഒളിവിലാണെന്നും രാജ്യത്തിനു പുറത്തേക്കു കടക്കാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണെന്നുമാണ് കേരളാപൊലീസ് കഴിഞ്ഞ ദിവസവും കോടതിയില്‍ അറിയിച്ചിരിക്കുന്നത്. വേടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. 

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. തൃക്കാക്കര എ.സി.പിയുടെ  നേതൃത്വത്തില്‍ രണ്ടു സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുവെന്നാണ് പൊലീസ് നിലപാടെങ്കിലും വേടനെ കണ്ടെത്താന്‍ കാര്യമായ അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. വേടന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഒരു ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതല്ലാതെ ആളെ കണ്ടെത്താനുള്ള തിരച്ചിലൊന്നും നടന്നിട്ടില്ല. മുന്‍കൂര്‍ജാമ്യാപേക്ഷ കോടതിയിലുണ്ട് എന്നത് ഇത്തരം കേസുകളില്‍ തടസമല്ലെന്ന് നിയമവിദഗ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 

അതുമാത്രമല്ല, ഒരേ സമയം ലുക്കൗട്ട് നോട്ടീസ് ഇറക്കി ശക്തമായ നടപടിയെന്നു ഭാവിക്കുകയും പ്രശസ്തനായ വ്യക്തിയെ കണ്ടെത്താന്‍ തിരച്ചിലൊന്നും നടത്താതിരിക്കുകയും ചെയ്യുന്നത് ഒത്തുകളിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. 

ENGLISH SUMMARY:

Rapper Vedan rape case is currently under investigation by Kerala Police. Despite a lookout notice, Vedan's girlfriend shared a photo of them celebrating his birthday, raising questions about the police investigation's sincerity.