മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരേ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വയ്ക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നുമാണ് കേസ്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് നടപടി.
ശമ്പളം മുടങ്ങിയ താൽക്കാലിക ജീവനക്കാർ മന്ത്രിയെ നേരിൽ കണ്ട് പരാതി ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. പരിപാടി കഴിഞ്ഞ് മന്ത്രി തിരക്ക് കൂട്ടി മുന്നോട്ട് പോവുബോൾ തങ്ങൾക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൽക്കാലിക ജീവനക്കാർ ബഹളം വച്ചത്.
പ്രിൻസിപ്പാൾ ഡോ.കെ.കെ അനിൽ രാജിൻ്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളം കിട്ടിയില്ലെന്ന് പരാതിയാണ് ജീവനക്കാർക്ക് ബോധ്യപ്പെടുത്താൻ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ശമ്പളം കൃത്യമായി കിട്ടുന്നില്ല വേദന മന്ത്രിയെ ധരിപ്പിക്കാനുമുണ്ടായിരുന്നു.
തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് താൽക്കാലിക ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും കൃത്യമായി ശമ്പളം നൽകേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു.ശമ്പളം മുടങ്ങിയതിന്റെ പരാതി ധരിപ്പിച്ച ജീവനക്കാർക്കെതിരെ കേസെടുത്തുതിൽ പ്രതിഷേധം പുകയുകയാണ്.