കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടുക്കാര്‍ റാഗ് ചെയ്തെന്ന് പരാതി. കോഴിക്കോട് നഗരത്തിലെ സ്കൂളിലാണ് വീണ്ടും റാഗിങ് ആരോപണം ഉയരുന്നത്. ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ഥിയെ പ്ലസ്ടുക്കാര്‍ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പിതാവ് മനോരമന്യൂസിനോട് പറഞ്ഞു. കൈയിലും കഴുത്തിലും പരുക്കേറ്റ വിദ്യാര്‍ഥി ചികില്‍സ തേടിയിരുന്നു. തോളെല്ലിന് പൊട്ടലുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്‍റെ പേരിലും പ്ലസ്ടുക്കാര്‍ മര്‍ദിച്ചെന്നും ഇത് പതിവാണെന്നും മറ്റു വിദ്യാര്‍ഥികളും വെളിപ്പെടുത്തുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്‍കി.
പതിനഞ്ചോളം വരുന്ന കുട്ടികളാണ് മകനെ ആക്രമിച്ചതെന്നും ഇവര്‍ക്കെതിരെ മുന്‍പും മറ്റ് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും റാഗിങിനിരയായ വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നു. റാഗ് ചെയ്യുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും സീനിയേഴ്സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്നും പരുക്കേറ്റ വിദ്യാര്‍ഥിയും പറയുന്നു.