കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വിമര്‍ശിച്ച് പോസ്റ്റിട്ട നേതാക്കള്‍ക്കെതിരെ നടപടിയുമായി സി.പി.എം. ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം എൻ രാജീവിനെ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. വള്ളംകുളം ലോക്കല്‍ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് നടപടി. കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നതിന് പിന്നാലെ ആയിരുന്നു മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും എന്നായിരുന്നു രാജീവന്‍റെ പോസ്റ്റ്. മുൻ പഞ്ചായത്ത് പ്രസിഡന്റും സി.ഡബ്ല്യു.സി ചെയർമാനും ആയിരുന്നു. പോക്സോ കേസ് അട്ടിമറി പരാതിയിൽ സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു. 'വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എം.എൽ.എ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല... പറയിപ്പിക്കരുത്...' എന്നാണ് ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
ജൂണിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ രണ്ടുമണിക്കൂറിനുശേഷമാണ് ബിന്ദുവിനെ കണ്ടെടുക്കാനായത്. കെട്ടിടം ബലക്ഷയത്തെത്തുടര്‍ന്ന് അടച്ചിട്ടതാണെന്നും ആരും ഉപയോഗിക്കുന്നില്ല എന്നുമായിരുന്നു സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും അന്ന് പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.