ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി.ജെ.ജോണ്‍സണ്‍ 'വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എം എൽ എ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല... പറയിപ്പിക്കരുത്...' എന്നാണ് ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് വീണ ജോര്‍ജിനെതിരെ വിമര്‍ശനവുമായി എല്‍സി അംഗം രംഗത്തെത്തിയത്.
പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ ജോണ്‍സണെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും തുടങ്ങി. 'അവസരവാദ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമ്പോൾ പിടിക്കാനുള്ളതല്ല ഈ കൊടി. ഉളുപ്പുണ്ടെങ്കിൽ പാർട്ടി മെമ്പർഷിപ്പ് കളഞ്ഞിട്ട് പോകണം', 'ഇവനൊക്കെ എങ്ങനെ ലോക്കൽ കമ്മറ്റിയിൽ എത്തി?, 'വീണ്ടും ചാട്ടത്തിനുള്ള പുറപ്പാട്, ഇനി ഇപ്പൊ ബിജെപി കൂടി അല്ലേ ബാക്കി ഉള്ളു', 'പുരക്കത്തുമ്പോൾ വാഴ വെട്ടണം.എന്ത് സഖാവാ താങ്കൾ, എൽസി സ്ഥാനം ഒഴിഞ്ഞിട്ട് പറയണം മിസ്റ്റർ,' എന്നിങ്ങനെയുള്ള അധിക്ഷേപ കമന്‍റുകളാണ് ജോണ്‌സന്‍റെ പോസ്റ്റിന് കീഴില്‍ വരുന്നത്. ഈ പോസ്റ്റിന് പിന്നാലെ വി.എസ്.അച്ചുതാനന്ദനെ പറ്റി ജോണ്‍സണ്‍ പങ്കുവച്ച പോസ്റ്റിലും ഒട്ടേറെ മോശം കമന്‍റുകളാണ് വരുന്നത്.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശ്വസിപ്പിച്ചില്ലെന്നും ബിന്ദുവിന്‍റെ വരുമാനമായിരുന്നു ഏക ആശ്രയമെന്നും ഭര്‍ത്താവ് വിശ്രുതന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണെമെന്നും കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നും ഭര്‍ത്താവ് പറഞ്ഞു. കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും. തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി.