AI Generated Image

AI Generated Image

TOPICS COVERED

മോഷ്ടിച്ചതാണോയെന്ന് അറിയില്ല, എന്തായാലും കാണാതായ താലിമാല തിരികെ എത്തിച്ചയാളുടെ നല്ല മനസിന് നന്ദിയെന്നാണ് കാസര്‍കോട് പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം. ഗീത ചിന്തിച്ചത്. ഇന്നലെ വീടിന്റെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട മാലയ്ക്കൊപ്പം ഉണ്ടായിരുന്ന കത്ത് തന്നെ കരയിപ്പിച്ചുകളഞ്ഞുവെന്നാണ് ഗീതയ്ക്ക് പറയാനുണ്ടായിരുന്നത്. 

‘ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഒമ്പത് ദിവസമായി. ആദ്യം സന്തോഷിച്ചു, പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍, ഒരു വിറയല്‍, കുറേ ആലോചിച്ചു, എന്തു ചെയ്യണം, ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്സാപിലൂടെ അറിഞ്ഞു, പിന്നെ തീരുമാനിച്ചു, ആരാന്റെ മുതല്‍ വേണ്ടെന്ന്, എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്–ഇതായിരുന്നു ആ നല്ലവനായ കള്ളന് പറയാനുണ്ടായിരുന്നത്.

ഈ മാസം നാലിന് വൈകിട്ട് പൊയ്നാച്ചിയില്‍ നിന്നും പറമ്പയിലേക്ക് ഭര്‍ത്താവ് റിട്ട.റവന്യൂ ഉദ്യോഗസ്ഥന്‍ വി. ദാമോദരനൊപ്പം ബസില്‍പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം ഷെയര്‍ ചെയ്തു. ഇന്നലെ രാവിലെ പത്തരയ്ക്ക് ഗീതയും ദാമോദരനും പൊയ്നാച്ചിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥലനാമമായ കുണ്ടംകുഴി എന്നും എഴുതിയിട്ടുണ്ടായിരുന്നു. 

ENGLISH SUMMARY:

Stolen necklace returned anonymously to its owner in Kasaragod. The necklace, along with a heartfelt letter from the thief, was found on the veranda of the owner's home, expressing remorse for taking it.