വഞ്ചന കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 1.9 കോടി രൂപ വഞ്ചിച്ചെന്ന കേസിൽ വൈക്കം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾക്കാണ് സ്റ്റേ. 'മഹാവീര്യർ' ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസിൻ്റെ പരാതിയിലാണ് നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.
കോട്ടയം തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ പോളിയും എബ്രിഡ് ഷൈനും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇരുവർക്കുമെതിരായ വൈക്കം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ 'മഹാവീര്യർ' ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്.ഷംനാസാണ് ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരിക്കുന്നത്. ഇയാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് 'ആക്ഷൻ ഹീറോ ബിജു 2'-വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നായിരുന്നു പരാതി. തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ഇരുവർക്കും പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തു.
അതിനിടെ, തന്റെ വ്യാജ ഒപ്പിട്ട് ചേംബറിൽ നിന്ന് സിനിമയുടെ അവകാശം സ്വന്തമാക്കിയെന്ന് കാട്ടി നിവിൻ പോളി നൽകിയ പരാതിയിൽ ഷംനാസിനെതിരെ കൊച്ചി പാലാരിവട്ടം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിഷയത്തിൽ ഷംനാസിനെതിരെ അന്വേഷണം നടത്താൻ വൈക്കം കോടതി ഉത്തരവിട്ടിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം രേഖകൾ ഹാജരാക്കിയെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിനും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.