തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മരിച്ചയാളുടെ കുടുംബത്തിന് സാങ്കേതികത്വത്തിന്‍റെ പേരില്‍ മൂന്നുവര്‍ഷമായിട്ടും നഷ്ടപരിഹാരം ഇല്ല. കടന്നല്‍ ആക്രമണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മൂന്ന് ദിവസം മുന്‍പാണ് വയനാട് പിണങ്ങോടുള്ള ബീരാന്‍ മരണപ്പെടുന്നത്. അപൂര്‍വ രോഗത്തോട് മല്ലിടുന്ന ഭാര്യ സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല.
എല്ലാ നിയമങ്ങളും നമ്മുടെ നാട്ടില്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ ഈ നിയമങ്ങളുടെ പഴുതുകളില്‍ പെട്ട് ഞെരിഞ്ഞ് തീരുന്ന ചില ജീവിതങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. അങ്ങനെ ഒരാളാണ് മൈമൂന.
തൊഴിലുറപ്പ് ജോലിക്കിടെയാണ് ഭര്‍ത്താവ് ബീരാന്‍ കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നത്. 2022 ഒക്ടോബര്‍ 22ന്. സംസ്ഥാന സര്‍ക്കാര്‍ വന്യജീവികളുടെ ഗണത്തില്‍പെടുത്തി കടന്നല്‍ കുത്തേറ്റുള്ള മരണത്തിന് നഷ്ടപരിഹാര ഉത്തരവ് ഇറക്കിയത് 2022 ഒക്ടോബര്‍ 25ന്. അങ്ങനെ വെറും മൂന്ന് ദിവസത്തെ വ്യത്യാസത്തിന് ഈ കുടുംബം രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാര പട്ടികയില്‍ നിന്ന് പുറത്തായി.
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗത്തോട് മല്ലിടുകയാണ് മൈമൂന. ശരീരമാസകലം കടുത്ത വേദന പടരുന്ന സ്ക്ലിറോഡെര്‍മ എന്ന രോഗം ബാധിച്ച് പത്ത് വര്‍ഷമായി. ചികില്‍സയ്ക്ക് പണമില്ല. ജോലി ചെയ്യാന്‍ പാങ്ങുമില്ല. മൈമൂന ഈ മൂന്ന് വര്‍ഷത്തിനിടെ മുട്ടാത്ത വാതിലുകളില്ല.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനെ പഠിപ്പിക്കാന്‍ ഈ അമ്മയ്ക്ക് മുന്നോട്ടുപോയെ മതിയാകൂ.നിയമത്തിന്‍റെ സാങ്കേതികത്വം എല്ലാവര്‍ക്കും അറിയാം. ഇനിയെങ്കിലും ദുരിതം കണ്ടറിഞ്ഞുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാനുഷിക ഇടപെടലാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.