മനുഷ്യകുലം ഉണ്ടാക്കിയ ഏറ്റവും ശക്തമായ ആയുധം നിലവില്‍ ന്യൂക്ലിയര്‍ ബോംബുകളാണ്. ന്യൂക്ലിയര്‍ ബോംബുകള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചരിത്രത്തിലൂടെ നാം പഠിച്ചതാണ്. ആറ്റം ബോംബിന്‍റെ സ്ഫോടനത്തിന് ശേഷമുണ്ടായ റേഡിയേഷന്‍ വികിരണങ്ങള്‍ ഭാവിയില്‍ ജപ്പാനീസ് ജനതയില്‍ വിതച്ച കാന്‍സറിനെക്കുറിച്ചും മറ്റ് ജനിതക രോഗങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. അത്രയ്ക്ക് അപകടകാരിയാണ് റേഡിയേഷന്‍. ഇപ്പോഴിതാ മനുഷ്യന് അപകടകരമായ അളവില്‍ റേഡിയേഷന്‍ വികിരണങ്ങള്‍ പുറത്ത് വിടുന്ന ഒരു കടന്നല്‍ക്കൂട് കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ബിബിസി റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ സവാന്ന റിവര്‍ സൈറ്റില്‍ ജൂലൈ 3 നാണ് ശാസ്ത്രലോകത്തിന്‍റെ തല പുകച്ച് റേഡിയോ ആക്ടീവ് കടന്നല്‍ക്കൂട് കണ്ടെത്തിയത്. 1950ന് ശേഷം ന്യൂക്ലിയര്‍ ബോംബുകള്‍ നിര്‍മിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. കൂടാതെ പ്രദേശത്ത് ലക്ഷക്കണക്കിന് ലീറ്റര്‍ ന്യൂക്ലിയര്‍ മാലിന്യവും ശേഖരിച്ചുവച്ചിരുന്നു. എന്നാല്‍ ഈ വീപ്പകളിലൊന്നും ലീക്കില്ല. പിന്നെ എങ്ങനെയാണ് ഈ കടന്നല്‍ക്കൂടിന് ഇത്രയും ശക്തമായ റേഡിയേഷന്‍ വന്നതെന്ന് വ്യക്തമല്ല. മുന്‍പ് ബോംബുകള്‍ നിര്‍മിച്ച കാലഘട്ടത്തില്‍ പുറന്തള്ളപ്പെട്ടിരുന്ന റേഡിയേഷന്‍റെ ബാക്കിയാണ് കടന്നല്‍ കൂട്ടിലുള്ളതെന്നാണ് നിലവിലെ നിഗമനം.
പൊതുവെ ഇത്രയും ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ അഭിമുഖീകരിച്ചാല്‍ കടന്നലുകള്‍ എന്നല്ല ഏത് ജീവിയും ചാകേണ്ടതാണ്. എന്നാല്‍ ഈ കടന്നലുകള്‍ക്ക് റേഡിയേഷനെ തരണം ചെയ്യാന്‍ ശക്തിയുണ്ടെന്നതും ശാസ്ത്രജ്ഞരെ ഞെട്ടിച്ചു. എന്നാല്‍ അതിലും കൗതുകമായത് കടന്നലുകളെക്കാളും റേഡിയേഷന്‍ പുറപ്പെടുവിക്കുന്നത് കടന്നല്‍ക്കൂടാണെന്നതാണ്. വിജനമായ പ്രദേശമാണ് ഇതെന്നതിനാല്‍ ആരും തന്നെ ഗുരുതര റേഡിയേഷന്‍ വികിരണങ്ങളുള്ള കടന്നല്‍ കൂടിന്‍റെ അടുത്ത് എത്തിയിരുന്നില്ല എന്നാണ് കരുതുന്നത്. കടന്നലുകളെ അധികൃതര്‍ കൊല്ലുകയും കടന്നല്‍ക്കൂട് റേഡിയേഷന്‍ മാലിന്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് തരംഗരൂപത്തില്‍ ചലിക്കുന്ന ഊര്‍ജമാണ് റേഡിയേഷന്‍. റേഡിയേഷന്‍റെ അളവ് വര്‍ധിക്കുന്നത് ജീവികളുടെ ശരീരത്തിന് പ്രശ്നമാണ്, അത് ഡിഎന്‍എയെ വരെ നശിപ്പിക്കും. ഉയര്‍ന്ന റേഡിയേഷന്‍ അഭിമുഖീകരിക്കുന്ന ഒരു മനുഷ്യന് നിമിഷനേരത്തിനുള്ളില്‍ തൊലി കരിഞ്ഞ് പൊള്ളി, ഛര്‍ദി, തലവേദന, വയറിളക്കം അടക്കം പ്രശ്നങ്ങള്‍ വന്ന് മരണത്തിന് കീഴടങ്ങും. ഈ അവസ്ഥ തരണം ചെയ്യുന്നവരെ ഭാവിയില്‍ കാന്‍സര്‍, ഭാവിപരിമ്പരകള്‍ക്ക് ജനിതക വൈകല്യങ്ങള്‍ അടക്കം പ്രശ്നങ്ങള്‍ ഉണ്ടാവും.