കാസർകോട് പരസ്യ പോരിലേക്ക് കടന്ന് യുഡിഎസ്എഫ് മുന്നണിയിലെ കെഎസ്‌യുവും എംഎസ്എഫും. മുന്നണിയെ വഞ്ചിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് എംഎസ്എഫ് പരാതി നൽകി. പിന്നാലെ കെഎസ്‌യു ജില്ലാ കമ്മിറ്റിക്കെതിരെ എംഎസ്എഫ് ഗുരുതര നുണപ്രചരണം നടത്തുകയാണെന്നും, അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കെഎസ്‌യുവും പരാതി നൽകിയിരിക്കുകയാണ്.
26 വർഷമായി എസ്എഫ്ഐ മേധാവിത്വം ഉണ്ടായിരുന്ന കണ്ണൂർ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ എംഎസ്എഫ് കെഎസ്‌യു സഖ്യം ചരിത്രവിജയം നേടിയിരുന്നു. കാസർകോട് വയനാട് ജില്ല എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് എംഎസ്എഫും, കണ്ണൂരിൽ കെഎസ്യു വുമാണ് വിജയിച്ചത്. പിന്നാലെയാണ് കാസർകോട് ജില്ലയിൽ കെഎസ്‌യു - എംഎസ്എഫ് പോര് മുറുകിയത്. ആദ്യം പരാതി ബോംബ് പൊട്ടിച്ചത് എംഎസ്എഫാണ്. ജില്ലാ പ്രസിഡൻറ് സൈദ് താഹ തങ്ങളുടെ പേരിൽ ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് നൽകിയ പരാതിയുടെ ഉള്ളടക്കം ഇങ്ങനെയാണ്.
കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ മുന്നണി മര്യാദകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ മുന്നണി മര്യാദയുടെ ഭാഗമായി വിട്ടു നൽകിയ സീറ്റിൽ വിജയിച്ച കെഎസ്‌യു യുസിസി പിന്നീട് നടന്ന സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തയ്യാറായില്ല. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജവാദ് പുത്തൂരിന്റെ നിർദ്ദേശാനുസരണം ആയിരുന്നു ഇത്. മറ്റ് മൂന്ന് കെഎസ്‌യു യുസിസിമാരെയും ജവാദ് ബന്ധപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. മുന്നണി വിരുദ്ധമായി പ്രവർത്തിക്കുന്ന ജവാദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും കെപിസിസി അധ്യക്ഷനു ഉൾപ്പെടെ പരാതി നൽകിയത്. പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ സണ്ണി ജോസഫ് തയ്യാറായില്ല.
പിന്നാലെ യുഡിഎഫ് നേതൃത്വത്തിന് മറുപരാതി നൽകിയിരിക്കുകയാണ് കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജവാദ് പുത്തൂർ.കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രണ്ടു സീറ്റുകൾ വിജയിക്കാനുള്ള സാധ്യത ഉണ്ടായപ്പോൾ ഒരു സീറ്റ് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചർച്ചകൾ കൂടാതെ എംഎസ്എഫ് നോമിനേഷൻ നൽകി. പിന്നീട് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ കെഎസ്‌യു മെമ്പർ വിജയിക്കുന്നതിനുള്ള വോട്ട് എംഎസ്എഫ് നൽകിയില്ല. പോരാത്തതിന് കെഎസ്‌യു കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദം പ്രചരണവും, തെരുവിൽ നേരിടുമെന്ന ഭീഷണിയും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുതിർന്ന നേതാക്കൾക്ക് പരാതി നൽകിയിരിക്കുന്നത്. ഏതായാലും കാസർകോട് എംഎസ്എഫ്, കെഎസ്യു താഴെത്തട്ടിലെ പ്രവർത്തകർക്ക് ഇടയിൽ തന്നെ ഭിന്നത രൂപപ്പെട്ടതോടെ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കണ്ണൂർ സർവ്വകലാശാലയിൽ യുഡിഎസ്എഫിൻ്റെ ഭാവി അനിശ്ചിതത്തിൽ ആവും.