സര്‍ക്കാരിന്‍റെ പ്രതിഛായ മോശമാക്കിയെന്ന പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കേര പദ്ധതിയുടെ ഫണ്ട് വകമാറ്റിച്ചെലവഴിച്ചെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാനാണ് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ ചുമതലപ്പെടുത്തിയത്. രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനും മൊഴിയെടുക്കാനും അവകാശവും കൊടുത്താണ് സര്‍ക്കാര്‍ ഉത്തരവ്.
സര്‍ക്കാറിന്‍റെ പ്രതിഛായ മോശമാക്കുന്ന വാര്‍ത്തയ്ക്കെതിരെ അന്വേഷണം. മാധ്യമസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഇടത് സര്‍ക്കാരില്‍ നിന്ന് തന്നെയാണ് വിചിത്രമായ ഈ നടപടിയും. അതും മാധ്യമപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും രേഖകള്‍ പിടിച്ചെടുക്കാനും ഐ.എ.എസ് ഉദ്യോഗസ്ഥന് അധികാരം നല്‍കുന്ന അസാധാരണ ഉത്തരവിലൂടെ.
കൃഷി വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പദ്ധതിയാണ് കേര അഥവാ കേരള ക്ളൈമറ്റ് റസിലിയന്‍റ് അഗ്രി–വാല്യു ചെയിന്‍ മോഡേണൈസേഷന്‍. ഈ പദ്ധതിക്ക് ലോകബാങ്ക് ഒക്ടോബറില്‍ 139.65 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇത് കൃത്യമായി ഉപയോഗിക്കാതെ മറ്റ് പദ്ധതികളിലേക്ക് വകമാറ്റി. ഇതിനെതിരെ കൃഷിവകുപ്പില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മനോരമ ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്ത സര്‍ക്കാറിന്‍റെ പ്രതിഛായ മോശമാക്കിയെന്ന പേരിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമായും രണ്ട് കാര്യങ്ങള്‍ അന്വേഷിക്കാനാണ് ബി.അശോകിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്ന് ഫണ്ട് വകമാറ്റം മാധ്യമങ്ങള്‍ എങ്ങിനെ അറിഞ്ഞു. രണ്ട് വാര്‍ത്തയുടെ ഭാഗമായി മാധ്യമങ്ങള്‍ കാണിച്ച രേഖകള്‍ എങ്ങിനെ സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നു. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.