ബലാൽസംഗക്കേസിൽ പ്രതിയായ വേടനെ പിടികൂടാൻ പൊലീസിന്റെ ലുക്കൗട്ട് സർക്കുലർ. വിദേശത്തേക്ക്പോകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തൃക്കാക്കര പൊലീസിന്റെ നടപടി. വേടനായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീട്ടിൽ നടത്തിയ പരിശോധനയിൽ വേടന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം 31 നാണ് യുവ ഡോക്ടറുടെ പരാതിയിൽ വേടാനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
അതേസമയം, ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഹർജി.
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിന്റെ നിലപാട് തേടിയിരുന്നു. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്ന് ഹർജിയിൽ വേടൻ പറയുന്നു. തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണം. ബലാത്സംഗക്കുറ്റവും പ്രത്യാഘാതങ്ങളും അറിയാവുന്നവരാണ് പരാതിക്കാരിയും താനുമെന്നും ജാമ്യാപേക്ഷയിലുണ്ട്. Also Read: 'വീട്ടില്‍ അതിക്രമിച്ച് കയറി, ഫോണിലൂടെ ഭീഷണി'; അതിജീവിതക്കെതിരെ സൈബര്‍ ആക്രമണം
വേടന്റെ മുളങ്കുന്നത്തുകാവിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തെളിവു ശേഖരണത്തിന്റെ ഭാഗമായി വേടന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചെന്നും വഞ്ചന നടത്തി സാമ്പത്തികമായി ചൂഷണം ചെയ്തെന്നും അതിന്റെ തെളിവുകൾ വേടന്റെ ഫോണിലുണ്ടെന്നും അതിജീവിത മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണു അന്വേഷണ സംഘം വീടു പരിശോധിച്ചു ഫോൺ പിടിച്ചെടുത്തത്. അതിജീവിത പറഞ്ഞ ഫോൺ തന്നെയാണോ പിടിച്ചെടുത്തതെന്ന് അറിയാൻ സൈബർ ഫൊറൻസിക് പരിശോധന പൂർത്തിയാക്കണം.