കോഴിക്കോട് വളയം,വാണിമേല്‍ പഞ്ചായത്തുകളില്‍ ഇരുപതോളം പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍. ഇന്നലെയും ഇന്നുമായി വിവിധയിടങ്ങളില്‍ വച്ചാണ് ഒരുനായ തന്നെ നിരവധി പേരെ ആക്രമിച്ചത്.
ഇന്നലെ രാവിലെ വാണിമേല്‍ വെള്ളിയോട് പത്ര വിതരണക്കാരനെയാണ് തെരുവുനായ ആദ്യം ആക്രമിക്കുന്നത്. പിന്നാലെ ഇരുചക്ര വാഹനയാത്രക്കാരെയും കാല്‍നട യാത്രക്കാരെയുമൊക്കെ നായ കടിച്ചു. വൈകീട്ട് ജോലി കഴിഞ്ഞ് തിരികെ എത്തിയവര്‍ക്കും ആക്രമണം നേരിട്ടു. പരുക്കേറ്റവര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ രാവിലെ മുതല്‍ ഭീതി പരത്തിയ നായയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. വാണിമേല്‍ ചേടിയാല മുക്കില്‍ ഇന്ന് രാവിലെയും മൂന്ന് പേരെ കൂടി നായകടിച്ചു. ഓടി രക്ഷപ്പെട്ട നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
വളയം, വാണിമേല്‍ പഞ്ചായത്തുകളിലെ വെള്ളിയോട്, പുതുക്കുടി, മുളിവയല്‍, ചുഴലി, കൂനിയില്‍ പീടിക, കുയ്തേരി എന്നിവിടങ്ങളിലാണ് നാട്ടുകാര്‍ക്ക് ഒരേ നായയുടെ തന്നെ കടിയേറ്റത്. കടിച്ച നായ ചത്തതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പേവിഷബാധയുണ്ടോ എന്നറിയാന്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.