കോഴിക്കോട് കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് യുവാവിന്‍റെ മര്‍ദനം. കൊയിലാണ്ടി ഒറ്റക്കണ്ടം സ്വദേശി ഹംസക്കാണ് മര്‍ദനമേറ്റത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍റെ സഹോദര പുത്രനെതിരായ പരാതിയില്‍ പൊലീസ് കേസ് എടുക്കുന്നില്ലെന്ന് മര്‍ദനമേറ്റ ഹംസ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഓട്ടോ ഡ്രൈവറായ ഒറ്റക്കണ്ടം സ്വദേശി ഹംസക്ക് യുവാവിന്‍റെ മര്‍ദനമേല്‍ക്കുന്നത്. സവാരി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോയ ഹംസ നാട്ടുകാരന്‍ കൂടിയായ യുവാവ് റോഡില്‍ ബഹളം വക്കുന്നത് കണ്ട് വാഹനം നിര്‍ത്തുകയായിരുന്നു. ഈ സമയം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ഹംസ പറയുന്നു. മര്‍ദിച്ചതിന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍റെ സഹോദര പുത്രനെതിരെ ഹംസ പരാതി നല്‍കിയിട്ടും കൊയിലാണ്ടി പൊലീസ് കേസ് എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
താക്കോല്‍ ഉപയോഗിച്ച് ഹംസയുടെ മുഖത്തും കണ്ണിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത്. ഇന്നലെ പല തവണയായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നുവെന്നാണ് ഹംസയുടെ ആരോപണം.