ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ വനിത പൊലീസ്. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി.
ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ശ്രദ്ധയിൽ പെടുകയും ഇവര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു. ഏറെ പരിശ്രമകരമായ ഉദ്യമത്തിലൂടെ ആംബുലൻസിന് വഴിയൊരുക്കികൊടുക്കുകയും ചെയ്തു. മെഡി ഹബ് ഹെൽത്ത് കെയറിൻറെ ആബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാൻ ഈ ദൃശ്യം പകർത്തി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തൃശൂര്‍ സിറ്റി പൊലീസും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ആനുവൽ അത്ലറ്റിക്ക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരികൂടിയായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ഈ പ്രവൃത്തിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷർ ഇളങ്കോ ആർ ഐപിഎസ് പ്രശംസിക്കുകയും സന്ദർഭോചിതമായ കർത്തവ്യ നിർവ്വഹണത്തിന് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിക്കുകയും ചെയ്തു.
തങ്ങളുടെ ഇത്തരം പരിശ്രമങ്ങളുടെ ആരംഭമല്ല ഇത് അവസാനവുമല്ല...തുടരുക തന്നെ ചെയ്യുമെന്നും ഇത്തരം പ്രവൃത്തികളെ പകർത്തി ജനഹൃദയങ്ങളിൽ എത്തിക്കുന്ന നല്ലവരായ നാട്ടുകാർക്ക് നന്ദിയെന്നും തൃശൂര്‍ പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. അപർണ്ണയുടെ വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയും പ്രശംസയുമായി രംഗത്തെത്തി.