പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ മറവില്‍ വന്‍ വെട്ടിപ്പെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം വാഹനങ്ങള്‍ക്കും സാധാരണയില്‍ കൂടുതല്‍ തവണ പണി നടത്തി പണം മാറിയെന്ന് കണ്ടെത്തല്‍. പണി നടത്തുന്നത് ഔദ്യോഗിക വര്‍ക് ഷോപ്പുകളെ നോക്കുകുത്തിയാക്കി അംഗീകാരമില്ലാത്ത വര്‍ക് ഷോപ്പുകളില്‍. വിജിലന്‍സ് അന്വേഷണവും നടപടിയും ശുപാര്‍ശ ചെയ്യുന്ന മനോരമ ന്യൂസിന് ലഭിച്ചു.
പൊട്ടിയ സൈഡ് ഗ്ളാസ്, ഷീല്‍ഡ് കൊണ്ട് മറച്ച പൊലീസിന്‍റെ ഇടിവണ്ടി. തിരുവനന്തപുരത്തെ ഈ കാഴ്ചയേക്കാള്‍ ഗതികെട്ട അവസ്ഥയിലുള്ള പൊലീസ് വണ്ടികള്‍ കേരളത്തില്‍ പലയിടത്തും കാണാം. ഇത്കണ്ടിട്ട് പൊലീസ് വണ്ടി പണിയാനൊന്നും കാശില്ലേയെന്ന് ചോദിക്കരുത്. വണ്ടി പണിയുന്നുണ്ടേലും ഇല്ലേലും പണി നടത്തിയെന്ന പേരില്‍ ഇഷ്ടം പോലെ ബില്ലുകള്‍ മാറുന്നുണ്ടെന്നാണ് ധനകാര്യവകുപ്പിന്‍റെ പരിശോധനയിലെ കണ്ടെത്തല്‍.
കൊല്ലം എ.ആര്‍ ക്യാംപില്‍ ആകെ 154 വണ്ടികളാണുള്ളത്. രണ്ട് വര്‍ഷത്തിനിടെ ഈ വണ്ടികളെല്ലാം 1094 തവണ വര്‍ക് ഷോപ്പില്‍ കയറ്റിയെന്നാണ് കണക്ക്. അതായത് ഒരു വണ്ടി തന്നെ ഏഴും എട്ടും തവണ പണി നടത്തിയെന്ന്. തിരുവനന്തപുരത്തെ പൊലീസ് ട്രയിനിങ് കോളജ്, തൃശൂര്‍ പൊലീസ് അക്കാദമി എന്നിവിടങ്ങളിലെ വണ്ടികളുടെ അറ്റകുറ്റപ്പണിയിലും ഈ അവിശ്വസനീയ കുതിപ്പ് കണ്ടെത്തി.
പൊലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് പൊലീസ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട് വിങ്ങും അവയുടെ കീഴില്‍ വര്‍ക് ഷോപ്പുമുണ്ട്. ഈ ഔദ്യോഗിക വര്‍ക് ഷോപ്പില്‍ നടത്താന്‍ സാധിക്കാത്ത പണികള്‍ക്കായി ഓരോ സ്ഥലത്തും പത്തിലേറെ സ്വകാര്യ വര്‍ക് ഷോപ്പുകളെ അംഗീകൃത വര്‍ക് ഷോപ്പുകളായി തിരഞ്ഞെടുത്തിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ ഏമാന്‍മാര്‍ക്ക് ഈ വര്‍ക് ഷോപ്പുകളോട് താല്‍പര്യമില്ല.
ഔദ്യോഗിക വര്‍ക് ഷോപ്പുകളെ ഒഴിവാക്കിയാണ് പണിയെല്ലാം. പൊലീസ് ട്രയിനിങ് കോളജില്‍ എല്ലാ പണിയും പുറത്തുള്ള വര്‍ക് ഷോപ്പുകളിലാണ്. കൊല്ലം എ.ആര്‍ ക്യാംപില്‍ 75 ശതമാനവും തൃശൂര്‍ അക്കാഡമിയില്‍ 60 ശതമാനം പണികളുടെ പണം കൊണ്ടുപോയിരിക്കുന്നത് പുറത്തുള്ള വര്‍ക് ഷോപ്പുകാര്‍.
അറ്റകുറ്റപ്പണികളുടെ എണ്ണം കൂടുകയും അവയെല്ലാം പുറത്തുള്ള വര്‍ക് ഷോപ്പില്‍ നടത്തുകയും ചെയ്യുന്നതോടെയാണ് അഴിമതിയെന്ന ആക്ഷേപം ബലപ്പെടുന്നത്.
അതിനാല്‍ കൊല്ലം എ.ആര്‍ ക്യാംപിലെ വാഹന ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്താനും പൊലീസ് ട്രയിനിങ് കോളജിലും അക്കാഡമിയിലും ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ ശേഷം നടപടിയെടുക്കാനുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അംഗീകാരമില്ലാത്ത വര്‍ക് ഷോപ്പിലെ പണിക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധനയും കൊണ്ടുവരും.