തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സിസ്റ്റം തകരാര്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഡിഎംഇ ഡോ. കെ.വി വിശ്വനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഉപകരണങ്ങടക്കം വാങ്ങുന്നതില്‍ കമ്പനികളുമായി തുടര്‍ച്ചയായ കരാര്‍ വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സമയബന്ധിതമായി ഉപകരണങ്ങള്‍ ലഭിക്കാന്‍ ഇതാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഒാരോ ഉപകരണത്തിനും പ്രത്യേകം കരാര്‍ ക്ഷണിക്കുന്ന രീതിയുണ്ട്. ഇതു മൂലം ഉപകരണങ്ങള്‍ കിട്ടാന്‍ കാലതാമസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു.
സൂപ്രണ്ടിന് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡോ ഹാരിസിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഡിഎംഇ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലാണ് സിസ്റ്റത്തിന്‍റെ തകരാറുകള്‍ വീണ്ടും ചൂണ്ടിക്കാട്ടുന്നത്. ആദ്യം അന്വേഷണം നടത്തിയ വിദഗ്ധ സമിതി പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഡോക്ടര്‍ ഹാരിസിനെ കുടുക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം.
അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിദഗ്ധസമിതിയിലെ ഡോക്ടർമാർക്ക് അതൃപ്തിയുണ്ട്. ഡോക്ടര്‍ ഹാരിസിനെ ഇരുട്ടത്ത് നിർത്താൻ വിദഗ്ധസമിതി റിപ്പോർട്ടിനെ കരുവാക്കിയതിലാണ് പ്രതിഷേധം. പൂർണമായ റിപ്പോർട്ടിൽ ഡോക്ടർ ഹാരിസിനെ ശരിവയ്ക്കുമ്പോൾ റിപ്പോർട്ടിലെ ചെറിയൊരു ഭാഗം മാത്രം എടുത്ത് ഡോക്ടർ ഹാരിസിനെതിരെ നീക്കം നടത്തിയതിലും വിദഗ്ധ സമിതി അംഗങ്ങൾക്ക് നീരസമുണ്ട്. ഉപകരണ ഭാഗം കാണാതായെന്ന കാര്യം ഡോക്ടർ സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോർട്ടിലെ ഭാഗം മാത്രം ആരോഗ്യവകുപ്പിലെ ഉന്നതർ മാധ്യമങ്ങൾക്ക് ചോർത്തുകയായിരുന്നു.
റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനായി സമിതി അംഗങ്ങൾ സ്വന്തമായി കോപ്പി പോലും കരുതാതെ സമർപ്പിച്ച റിപ്പോർട്ടിലെ ഡോക്ടർ ഹാരിസിന് എതിരായ ഭാഗങ്ങൾ മാത്രം പുറത്തു വരികയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടിലെ ഈ ഭാഗം വായിക്കണം എന്നാണ് ഡിഎംഇ ഫോണിലൂടെ നിർദേശിച്ചത്. പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി. സര്‍ക്കാര്‍ ആശുപത്രികളെ കള്ള പ്രചാരണങ്ങളിലൂടെ തകര്‍ക്കാനാകില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.