സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റണമെന്ന ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്യുകയാണ് യാത്രക്കാർ. ബസ്സുകളുടെ റണ്ണിങ് ടൈം വർധിപ്പിച്ചാൽ മത്സരയോട്ടം ഒഴിവാക്കാം എന്നാണ് യാത്രക്കാരും പറയുന്നത്. എന്നാൽ ബസ്സുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്
കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും, അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും തടയാൻ കോടതിയടക്കം നിരവധി തവണ ശ്രമിച്ചിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല. അവസാന ശ്രമം എന്ന നിലയിലാണ് ബസ്സുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന കോടതിയുടെ നിർദ്ദേശം. നിലവിലെ സമയക്രമം പാലിക്കാൻ പലപ്പോഴും ബസ്സുകൾക്ക് സാധിക്കുന്നില്ല. കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിലെ സമയനഷ്ടം പരിഹരിക്കാൻ പിന്നീട് നൂറേ നൂറിലായിരിക്കും ബസ്സുകൾ പായുക. ഇതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഏത് നിമിഷവും ബസിനടിയിൽ പെടാമെന്ന അവസ്ഥയാണ്. ബസുകളുടെ റണ്ണിങ് ടൈം കൂട്ടിയാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കോടതിക്കൊപ്പം യാത്രക്കാരും പറയുന്നത്
ബസുകൾ തമ്മിലുള്ള ഇടവേള നഗരപ്രദേശങ്ങളിൽ 5 മിനിട്ടും ഗ്രാമപ്രദേശങ്ങളിൽ 10 മിനിറ്റുമാക്കാനുള്ള സർക്കാർ തീരുമാനം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തോട് കോടതിയും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ആലുവ എറണാകുളം റൂട്ടിലടക്കം പല സമയത്തും രണ്ടു മിനിറ്റിൽ താഴെ മാത്രമാണ് ബസുകൾ തമ്മിലുള്ള ഇടവേള. എന്നിട്ടും തിരക്കിന് കുറവൊന്നുമില്ല. ഇടവേള വർധിപ്പിച്ചാൽ എങ്ങനെ ബസിൽ കയറിപ്പറ്റും എന്ന് ആശങ്കയും യാത്രക്കാർക്കുണ്ട്.