ധനം, കൃഷി, വനം മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം കാരണം വന്യജീവി ആക്രമണത്തില്‍ വിളനാശമുണ്ടാവുന്ന കര്‍ഷകരുടെ സാമ്പത്തിക സഹായം ഉയര്‍ത്താനുള്ള ഫയല്‍ മടങ്ങിയത് പന്ത്രണ്ട് തവണ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പരിഷ്കരിച്ച പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള നിരക്കാണ് കര്‍ഷകര്‍ക്ക് ഇപ്പോഴും വിതരണം ചെയ്യുന്നത്. വന്യജീവി പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുമ്പോഴും സംസ്ഥാനത്തിന് സ്വന്തംനിലയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ പോലും ആത്മാര്‍ഥമായ ഇടപെടലില്ലെന്ന് വ്യക്തം.
മന്ത്രി പറയുന്നതല്ല യാഥാര്‍ഥ്യം. ആരും കൂടിക്കാണുന്നുമില്ല, ചര്‍ച്ചയുമില്ല. ഓരോ ഫയലും ജീവിതമാണെന്ന് ഓര്‍മപ്പെടുത്തുന്ന മുഖ്യമന്ത്രിയുള്ള നാട്ടില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന നടപടിയാണ് അനന്തമായി നീളുന്നത്. വിളകളുടെ മൂല്യം, മൃഗങ്ങളുടെ പ്രഹരശേഷിയെല്ലാം കണക്കിലെടുത്തുള്ള തീരുമാനത്തിനായി ഓരോ മന്ത്രിമാരുടെ മുന്നിലേക്കും നിരവധി തവണയാണ് ഫയലെത്തിയത്. ഈമാസം ആദ്യവാരം ധനവകുപ്പിലേക്ക് ഫയലെത്തിയപ്പോള്‍ പന്ത്രണ്ടെന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒപ്പിടാതെ മാറ്റിവച്ചു. മന്ത്രിമാര്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്നാല്‍ തീരാവുന്ന പ്രതിസന്ധി. വകുപ്പുകള്‍ തേടിയുള്ള ഫയലോട്ടം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ആനയും, പന്നിയും ചെളിയിലാഴ്ത്തിയ വിളകള്‍ക്ക് വനംവകുപ്പ് നല്‍കുന്ന സഹായം 2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പരിഷ്തരിച്ച അതേ നിരക്കിലാണ്. കര്‍ഷകന്‍റെ ഉപജീവനം കാടിറങ്ങുന്നവര്‍ നശിപ്പിച്ചാലും സര്‍ക്കാരിന് മിണ്ടാട്ടമില്ല. അഥവാ സഹായിക്കാന്‍ മനസില്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ വിളനാശമുണ്ടായ പലര്‍ക്കും സാമ്പത്തിക സഹായവിതരണം വര്‍ഷങ്ങള്‍ കഴിഞ്ഞും കിട്ടിയില്ലെന്നതാണ് മറ്റൊരു ദുര്യോഗം. മുന്‍വര്‍ഷങ്ങളെക്കാള്‍ വന്യമൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്കിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതിലെ ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് മെല്ലെപ്പോക്ക്. വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് മുന്നില്‍ ഇനിയും കേന്ദ്ര മാനദണ്ഡങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ രക്ഷപ്പെടും.