​കൊച്ചിയില്‍ അമ്മൂമ്മയുടെ കാമുകന്‍ കഞ്ചാവും മദ്യവും നല്‍കി ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചുവെന്ന് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്നും കഞ്ചാവ് കടത്താനും തന്നെ ഉപയോഗിച്ചുവെന്ന് പതിനാലുകാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ കുടുംബത്തെ അപായപ്പെടുത്തുമെന്ന് തിരുവനന്തപുരം സ്വദേശിയുടെ ഭീഷണി. 

താന്‍ തെറ്റിലേക്ക് പോകുന്നുവെന്ന തിരിച്ചറിവിലാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ പതിനാലുകാരന്‍ തയാറായത്. ആദ്യം കൂട്ടുകാരനെയും പിന്നീട് അവന്‍ വഴി വീട്ടുകാരെയും വിവരം അറിയിച്ചു. അമ്മൂമ്മയുടെ കാമുകനായ തിരുവനന്തപുരം സ്വദേശിയാണ് വീട് തന്നെ ലഹരിസങ്കേതമാക്കിയത്. കഞ്ചാവും ഹാഷിഷ് ഓയിലും വീട്ടില്‍ സൂക്ഷിക്കുന്നതിന് പുറമെ അതിന്‍റെ വില്‍പനയ്ക്കും കടത്തിനുമടക്കം പതിനാലുകാരനെ ഇയാള്‍ പ്രേരിപ്പിച്ചു. വിസമതിച്ചപ്പോള്‍ മര്‍ദിച്ചു.

മകന്‍റെ സ്വഭാവത്തിലടക്കം വലിയ മാറ്റങ്ങള്‍ കണ്ടതോടെ അമ്മയുടെ ഉറക്കം നഷ്ടപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അമ്മൂമ്മയും കാമുകനും പതിനാലുകാരനെ തേടി സ്കൂളിലെത്തി. ഇവിടെ കാണാതെ വന്നതോടെ വീട്ടിലേക്കും. പിന്നീട് ഭീഷണി. ആദ്യം കൊച്ചി വനിത സ്റ്റേഷനിലും പിന്നീട് കമ്മിഷണര്‍ക്കുമാണ് കുടുംബം പരാതി നല്‍കിയത്. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ നടപടികള്‍ വേഗത്തിലാക്കിയ നോര്‍ത്ത് പൊലീസ് അമ്മയുടെയും മകന്‍റെയും വിശദമായ മൊഴി രേഖപ്പെടുത്തി. 

ENGLISH SUMMARY:

Teenager drug abuse is a serious issue highlighted in a recent case where a grandmother's boyfriend allegedly drugged and exploited a 9th-grade student. The boy was reportedly forced to consume drugs and used for drug trafficking, prompting a police investigation and raising concerns about child safety.