കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ വാക്പോര്. സഭയില്‍ എത്തണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ആഭ്യന്തര മന്ത്രിയെ അറിയിക്കണമെന്ന് സഭാധ്യക്ഷന്‍ സി.പി.രാധാകൃഷ്ണന്‍ കിരണ്‍ റിജിജുവിനോട് നിര്‍ദേശിച്ചു. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

അമിത് ഷാ സഭയില്‍ എത്തി മറുപടി പറയണം എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവര്‍ത്തിച്ചതോടെയാണ് കിരണ്‍ റിജിജു മറുപടിയുമായി എഴുന്നേറ്റത്. എന്നും ഒരേകാര്യമാണ് ഖര്‍ഗെ ആവശ്യപ്പെടുന്നത്. ചട്ടപ്രകാരം ഇത് സാധ്യമല്ല. കോണ്‍ഗ്രസിലെ പുതിയ അംഗങ്ങള്‍ക്കു പോലും സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് അവസരം നല്‍കുന്നില്ലെന്നും പവന്‍ ഖേരയെ പരാമര്‍ശിച്ച് റിജിജു പറഞ്ഞു. ചട്ടങ്ങള്‍ സ്വയം പഠിക്കണമെന്ന് റിജിജുവിനോട് ഖര്‍ഗെ. എന്ത് പറയണമെന്ന് താന്‍ തീരുമാനിക്കും. ഇടപെട്ട ചെയര്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം അമിത് ഷായെ അറിയിക്കണമെന്ന് കിരണ്‍ റിജിജുവിനോട് നിര്‍ദേശിച്ചു. 

ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ സഭ നിര്‍ത്തിവച്ചു. ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അമിത് ഷാ സഭയില്‍ എത്തി പ്രസ്താവന നടത്താതെ നടപടികളുമായി സഹകരിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. രാവിലെ മകര കവാടത്തില്‍ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

ENGLISH SUMMARY:

Opposition Leader Mallikarjun Kharge and Parliamentary Affairs Minister Kiren Rijiju engaged in a heated war of words in the Rajya Sabha over Union Home Minister Amit Shah's absence. Kharge repeatedly demanded that Shah address the house, prompting Rijiju to accuse the opposition of disrupting procedures and stifling new members. In response, Chairman C.P. Radhakrishnan directed Rijiju to communicate the opposition's demand directly to the Home Minister. The continuing standoff led to two consecutive adjournments as the opposition staged protests inside both houses of Parliament.