മെട്രോ റെയിലിൻ്റെ കൈവരിയിൽ നിന്ന് റോഡിലേയ്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. എമര്‍ജന്‍സി പാസ്‍വേയിലൂടെ എത്തിയ യുവാവ് വയഡക്ടറിന്‍റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 22 വയസുള്ള മലപ്പുറം സ്വദേശിയാണ് ആത്മഹത്യാ ഭീഷണിയുമായി നിലയുറപ്പിച്ച ശേഷം താഴേയ്ക്ക് ചാടിയത്. ‘നാണം കെട്ട് എന്തിന് ജീവിക്കണം’ എന്ന് ചോദിച്ചായിരുന്നു യുവാവിന്‍റെ സാഹസം.
വടക്കേക്കോട്ടയ്ക്കും S.N.ജംക്‌ഷനും ഇടയ്ക്കുള്ള എമര്‍ജന്‍സി പാസ്‍വേയിലൂടെയാണ് യുവാവ് പാളത്തിന്‍റെ കൈവരിയിലേക്കെത്തിയത്. എന്നാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍ പതിഞ്ഞിരുന്നില്ല. പിന്നീട് ഫയര്‍ഫോഴ്സും പൊലീസുമെത്തി അനുനയശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് യുവാവ് എടുത്തുചാടിയത്. ഗുരുതര പരുക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ സര്‍വീസ് പുനഃസ്ഥാപിച്ചു.