abdurahman-messi

ലയണല്‍ മെസിയെ ക്ഷണിക്കാന്‍ കായികമന്ത്രി വി.അബ്ദുറഹിമാനും സംഘവും സ്പെയിനില്‍ പോയതിന് ചെലവ് പതിമൂന്ന് ലക്ഷത്തിലധികമെന്ന് വിവരാവകാശരേഖ. മെസിയുടെ വരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു ചെലവുമില്ലെന്നായിരുന്നു കായികമന്ത്രിയുടെ പ്രസ്താവന. സര്‍ക്കാരിന് ചെലവായത് 13, 04,434 രൂപയെന്ന് മനോരമ ന്യൂസിനു ലഭിച്ച വിവരാവകാശരേഖയില്‍ പറയുന്നു. 

Also Read:  മെസ്സി കേരളത്തിലേക്കില്ല; അര്‍ജന്റീന ടീമിന്റെ ഇന്ത്യ സന്ദര്‍ശനത്തിലും കേരളമില്ല


ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീം ഈ വർഷം കേരളം സന്ദർശിക്കില്ലെന്നു കായിക മന്ത്രി വി.അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെസ്സിയും സംഘവും എത്തുമെന്നു മുൻപു പലവട്ടം പറഞ്ഞിട്ടുള്ള മന്ത്രി മലക്കം മറിയുകയായിരുന്നു. ഈ വർഷം ഒക്ടോബറിലെത്താമെന്ന് അറിയിച്ചിരുന്ന അർജന്റീന സംഘം അടുത്ത വർഷം വരാമെന്നാണ് ഇപ്പോൾ പറയുന്നതെന്നും അതു കേരളത്തിനു സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ‘പറഞ്ഞ സമയത്ത് കളിക്കാമെന്നു പറഞ്ഞു പണം വാങ്ങിയിട്ടുണ്ടെങ്കിൽ ആ സമയത്ത് കേരളത്തിൽ വന്നു കളിക്കണം. അടുത്ത മാർച്ചിൽ കളിക്കാമെന്ന അവരുടെ നിലപാട് നമുക്ക് സ്വീകാര്യമല്ല. തിരഞ്ഞെടുപ്പ് വർഷമാണ്. എന്തെങ്കിലും നഷ്ടം സ്പോൺസർക്കു വന്നിട്ടുണ്ടെങ്കിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നഷ്ടപരിഹാരം തരേണ്ടി വരും’– മന്ത്രി വ്യക്തമാക്കി.

​മെസ്സിയുടെ വരവ് സംബന്ധിച്ച് മന്ത്രിയും സംസ്ഥാന സർക്കാരും കായികപ്രേമികൾക്ക് മുൻപ് പ്രതീക്ഷ നൽകിയെങ്കിലും അതിനാവശ്യമായ നടപടി ഫലപ്രദമായി ചെയ്തിട്ടില്ലെന്ന സൂചനയാണു പിന്നീട് പുറത്തുവരുന്നത്. പണം നൽകുന്ന കാര്യത്തിൽ സ്പോൺസറുടെ ഭാഗത്തുനിന്ന് അവ്യക്തതയുണ്ടായപ്പോൾ, ‘മെസ്സി കേരളത്തിൽ വരും, കേട്ടോ’ എന്നാണ് കഴിഞ്ഞ ജൂൺ ആറിനു മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചത്.

മെസിയും അര്‍ജന്‍റീനയും കേരളത്തില്‍ വരുന്നതില്‍ മന്ത്രിക്കും സ്പോണ്‍സര്‍ക്കും ഭിന്ന സ്വരമാണ്. ഈ വര്‍ഷം വരില്ലെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചെന്ന് മന്ത്രി വ്യക്തമാക്കുമ്പോള്‍ വിപരീത നിലപാടുമായി സ്പോണ്‍സര്‍ രംഗത്തെത്തി. എന്നാല്‍ മെസി വരില്ലെന്ന് ആര് പറഞ്ഞു എന്നാണ് സ്പോണ്‍സര്‍ ചോദിക്കുന്നത്. അതേസമയം അര്‍ജന്‍റീനയും മെസിയും ചതിച്ചെന്ന് പരിതപിക്കുകയും ചെയ്യുന്നു സ്പോണ്‍സര്‍. അങ്ങനെ, വൈരുദ്ധ്യങ്ങളുടെയും അവ്യക്തതകളുടെയും കൂമ്പാരമാണ് സ്പോണ്‍സറുടെ വാര്‍ത്താസമ്മേളനം.

ENGLISH SUMMARY:

Messi Kerala Visit expenses are significant. The sports minister's trip to Spain to invite Lionel Messi cost over 13 lakhs, contradicting earlier statements about no cost to the government.