കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിലെ മെൻസ് ഹോസ്റ്റൽ കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോർട്ട്. ഉപയോഗിക്കാൻ പറ്റാത്ത ആറു മുറികൾ അറ്റകുറ്റപ്പണി നടത്തും. വിദ്യാർഥികളെ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനും തീരുമാനമായി.
ശുചിമുറിക്കെട്ടിടം തകർന്നു വീണതിനു പിന്നാലെയാണ് മെൻസ് ഹോസ്റ്റലിന്റെ അപകടാവസ്ഥയും പുറത്തുവന്നത്. മേൽക്കൂരയിലെ കോൺക്രീറ്റുകൾ ഇളകിയതും, പൊട്ടിപ്പൊളിഞ്ഞ ഭിത്തിയുമൊക്കെ എംബിബിഎസ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പരിഹാരം കാണാൻ പൊതുമരാമത്ത് ഉദ്യാഗസ്ഥർ പല പ്രാവശ്യം കെട്ടിടം പരിശോധിച്ചു. എന്നാൽ കെട്ടിടത്തിന് ബലക്ഷയമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എൺപതു മുറികളിൽ അറ്റകുറ്റപ്പണി ആവശ്യമുള്ള ആറെണ്ണം അടച്ചിടും. വിദ്യാർഥികളെ തൽക്കാലം പാരാമെഡിക്കൽ വിദ്യാർഥികൾക്കായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റും. പരീക്ഷയുള്ളതിനാലാണ് വൈകിയതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു
മെഡിക്കൽ വിദ്യാർഥികളുടെ എണ്ണം കൂടിയതിനാൽ വിദ്യാർഥികൾക്കായി 20 കോടി രൂപയുടെ പുതിയ മെൻസ് ഹോസ്റ്റൽ പദ്ധതിയും സർക്കാർ പരിഗണനയിലാണ്. പൊതുമരാമത്ത് വകുപ്പിന്‍റെ ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മെഡിക്കൽ കോളജിൽ എല്ലാ കെട്ടിടങ്ങളും പരിശോധിച്ചിരുന്നു.