ഫയല്‍ ചിത്രം
ബി.ജെ.പി നേതാവ് സി.സദാനന്ദന്‍റെ കാല്‍ വെട്ടിയ കേസില്‍ പ്രതികളെ ന്യായീകരിച്ച് കെ.കെ.ശൈലജ. തന്‍റെ അറിവില്‍ നാട്ടിലെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും മാന്യമായി ജീവിക്കുന്നവരുമാണ് ഇവരെന്ന് ശൈലജ പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നു. തെറ്റുകാരല്ലെന്നാണ് കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്. അവര്‍ സി.പി.എം പ്രവര്‍ത്തകരാണ്. സി.പി.എം പ്രവര്‍ത്തക എന്ന നിലയിലാണ് പോയതെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.
അതേസമയം, സി.സദാനന്ദൻ എംപിയെ അക്രമിച്ചവർക്ക് യാത്രയയപ്പ് നൽകിയതിൽ സിപിഎമ്മിനെ വിമർശിച്ച് കെ സുധാകരൻ എംപി. രംഗത്തെത്തി. ജയിലുകൾ സിപിഎമ്മിന്‍റെ പാർട്ടി ഓഫീസുകൾ പോലെയാണ്. ജയിലുകളിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ട്. ഗോവിന്ദച്ചാമിക്ക് കൈ കൊടുത്തത് ആരാണ് എന്നും കെ.സുധാകരൻ പ്രതികരിച്ചു.
സി.പി.എം. പ്രാദേശിക നേതാവായിരുന്ന ജനാർദ്ദനന്‍റെ കാൽ വെട്ടിയതിൽ ആർ.എസ്.എസ്. നേതാവായിരുന്ന സി.സദാനന്ദന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു 1994 ജനുവരി 25 ന് രണ്ട് കാലുകളും സി.പി.എം. പ്രവർത്തകർ വെട്ടി മാറ്റിയത്. കേസില്‍ കെ.ശ്രീധരൻ, മാതമംഗലം നാണു, മച്ചാൻ രാജൻ, പി.കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടുള്ള സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ.ബാലകൃഷ്ണൻ എന്നിവരാണ് പ്രതികൾ. 2007-ൽ എട്ടുപേർക്കും തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു.
പിന്നാലെ പ്രതികള്‍, നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയും, പിഴ അൻപതിനായിരമായി ഉയർത്തുകയും ചെയ്തു. പിന്നീട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫയലിൽ സ്വീകരിച്ചില്ല. ഒടുവില്‍ ശിക്ഷ ഹൈക്കോടതി കൂടി ശരിവെച്ചതോടെയാണ് 31 വർഷത്തിനുശേഷം പ്രതികൾ തടവിലായത്.
കേസില്‍ പ്രതികൾക്ക് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകുന്നതിനു മുൻപ് സി.പി.എം. യാത്രയയപ്പ് നൽകിയതാണ് വന്‍ വിവാദമായത്. ഉരുവച്ചാൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ചാണ് കെ.കെ.ശൈലജ എം.എൽ.എ. ഉൾപ്പെടെ നേതാക്കളും പ്രവർത്തകരും പ്രതികൾക്ക് യാത്രയയപ്പ് നൽകിയത്.