shanavas-prem-nazir

നടൻ പ്രേംനസീറിന്‍റെ മകനും  നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ. 

പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ജനനം. ചിറയിൻകീഴ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, മോണ്ട്ഫോർട്ട് സ്കൂ‌ൾ, യേർക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്‌ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴിലും മലയാളത്തിലുമായി അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം "ജനഗണമന'യിലാണ് ഒടുവിൽ അഭിനയിച്ചത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു.

ENGLISH SUMMARY:

Actor Shanavas, son of legendary Prem Nazir, has passed away at 71 in Thiruvananthapuram. Learn about his cinematic journey from 'Premageethangal' to 'Jana Gana Mana.'