കേരള സര്‍വകലാശാലയിലെ പ്രശ്നങ്ങളില്‍ വൈസ് ചാന്‍സലറോട് കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി. റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്ന് ജസ്റ്റിസ് ടി.ആർ.രവി ചോദിച്ചു. സിന്‍ഡിക്കേറ്റിന് വേണ്ടിയല്ലേ വിസി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കേണ്ടതെന്നും റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കിയാല്‍ എല്ലാം അവസാനിച്ചുവല്ലോയെന്നും ഹൈക്കോടതി ചോദ്യമുയര്‍ത്തി. കോടതി പരാമര്‍ശം വന്നതിനിടെയും സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വി.സി കടുത്ത വിമര്‍ശനം ഉയര്‍ത്തി. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലാണ് സിൻഡിക്കേറ്റ് അംഗങ്ങളെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ എന്ന് വൈസ് ചാൻസലർ അധിക്ഷേപിച്ചത്.
സിന്‍ഡിക്കറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത് എന്നാണ് ഹൈക്കോടതി കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് ചോദിച്ചത്. സിന്‍ഡിക്കറ്റിന് വേണ്ടിയല്ലേ വിസി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കേണ്ടത്? റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയാല്‍ എല്ലാം അവസാനിച്ചുവല്ലോയെന്നും ഹൈക്കോടതി ചോദ്യമുയര്‍ത്തി. സസ്‌പെന്‍ഷന്‍ വിവരം സിന്‍ഡിക്കറ്റിനെ അറിയിച്ചാല്‍ വിസിയുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി. മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിന്‍ഡിക്കറ്റിന്‍റെ അധികാരമാണ്. റജിസ്ട്രാറുടെ ചുമതല തിരിച്ചേല്‍പ്പിക്കാത്തത് ചോദ്യം ചെയ്ത് ഡോ.കെഎസ് അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞതിന് തൊട്ടു പിറകെ ചേര്‍ന്ന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ വൈസ് ചാൻസലർ സിൻഡിക്കേറ്റ് അംഗങ്ങളെ നിശിതമായി വിമര്‍ശിച്ചു. സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങൾ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും എഴുത്തും വായനയും അറിയാത്തവർ പറയുന്നത് ജീവനക്കാർ അനുസരിക്കേണ്ടെന്നുമായിരുന്നു വിസിയുടെ പരാമര്‍ശം എന്നാണ് സൂചന.
റജിസ്ട്രാർ ഹൈക്കോടതിയിൽ ഹാജരാക്കിയത് വ്യാജ രേഖകൾ ആണെന്നും വിസി ആരോപിച്ചു.. യോഗത്തിൽ നിന്നും സിപിഎം അനുകൂല സംഘടന വിട്ടു നിന്നു. ഇതിനിടെ ഗ്രേസ് മാര്‍ക്കിനായി ചേരേണ്ടിയിരുന്ന സിൻഡിക്കേറ്റ് സബ് കമ്മിറ്റി യോഗവും മാറ്റിവയ്ക്കേണ്ടി വന്നു. സിൻഡിക്കേറ്റ് റൂമിന്‍റെ താക്കോൽ വിസി പിടിച്ചു വെച്ചതിനാലാണ് യോഗം മുടങ്ങിയതെന്ന് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ പറഞ്ഞു.