vijaya-kumari-vipin-kerala

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ സംസ്കൃതവകുപ്പ് മേധാവി ഡോ.സി.എന്‍.വിജയകുമാരിക്കെതിരെ കേസെടുത്തു. എസ്‌.സി, എസ്.ടി നിയമപ്രകാരമാണ് കേസ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍റെ പരാതിയില്‍ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. സംസ്കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടെന്നായിരുന്നു ആക്ഷേപം. ജാതി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് വിദ്യാര്‍ഥിയുടെ മൊഴി.

കേരള സർവകലാശാല ഓറിയന്‍റല്‍ സ്റ്റഡീസ് വിഭാഗം ഡീനാണ് ഡോ.സി.എൻ.വിജയകുമാരി. ഒക്ടോബര്‍ അഞ്ചിന് വിപിന്‍റെ പ്രബന്ധത്തെകുറിച്ചുള്ള ഒപ്പണ്‍ഡിഫന്‍സ് നടന്നിരുന്നു. എന്നാല്‍ മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്‍റെ പി.എച്ച്.ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും കാണിച്ച് ഡീൻ ഡോ. സി.എൻ.വിജയകുമാരി വൈസ് ചാൻസിലര്‍ക്ക് കത്തു നല്‍കി. ഇതിന് പിന്നാലെ ജീവിതം വഴുതിപ്പോകുന്നു, ജാതിവിവേചനത്തിന്‍റെ അട്ടഹാസങ്ങള്‍കേള്‍ക്കാം എന്നു പറഞ്ഞുകൊണ്ട് വിപിന്‍ ഫെയ്സ്‌ബുക്കിലൂടെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സംസ്കൃതത്തില്‍ എം.എ, ബിഎഡ്, എം.എഡ്, എം.ഫില്‍ ബിരുദങ്ങള്‍ നേടിയ വ്യക്തിയാണ് വിപിന്‍. എം.ഫില്‍ പ്രബന്ധം ഡോ. വിജയകുമാരിയുടെ തന്നെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയത്. സംസ്കൃതം അറിയാത്ത വ്യക്തി എന്ന് അധ്യാപിക പറഞ്ഞുവെച്ചത് മായത്ത മുദ്രപോലെ തന്നില്‍പതിപ്പിക്കപ്പെട്ടു എന്നും ഉണങ്ങാത്ത മുറിവായെന്നുമാണ് വിപിന്‍ പറയുന്നത്. വര്‍ഷങ്ങള്‍കൊണ്ട് നേടിയ അക്കാദമിക നേട്ടവും മെറിറ്റും ഒറ്റദിവസം കൊണ്ട് ഇല്ലാതെയായി, സത്യത്തിന് വിലയില്ലേ എന്നും വിദ്യാര്‍ഥി ചോദിക്കുന്നു.

പുലയര്‍ സംസസ്കൃതം പഠിക്കേണ്ട എന്ന് അധ്യാപിക അധിക്ഷേപിച്ചു എന്ന് പൊലീസിന് നല്‍കിയ പാരാതിയില്‍ വിപിന്‍ പറയുന്നു. പുലയ– പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ പഠിക്കാന്‍ വന്നതോടെ സംസ്കൃത പഠനത്തിന്‍റെ മഹിമപോയി എന്ന് അധ്യാപിക പറഞ്ഞതായും പരാതിയിലുണ്ട്. ഗവേഷണ പ്രബന്ധത്തിന് പിഎച്ച്ഡി നല്‍കരുതെന്ന് ഡീന്‍ വിസിക്ക് കത്തു നല്‍കിയത് ജാതി അധിക്ഷേപത്തിന്‍റെ ഭാഗമായാണെന്നും പരാതി.

അതേസമയം, വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആർ.ബിന്ദു നേരത്തെ അറിയിച്ചിരുന്നു. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടി എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍. പട്ടികജാതി– പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി വേണമെന്നാണ് വിപിന്‍റെ ആവശ്യം. പൊലീസില്‍ കൂടാതെ വിസിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Dr. C.N. Vijayakumari, Head of the Sanskrit Department at Kerala University, has been booked by Sreekaryam Police under the SC/ST (Prevention of Atrocities) Act following a complaint by research scholar Vipin Vijayan. The scholar alleged that the HOD obstructed his research thesis due to personal animosity, combined with caste-based and personal abuse. Police have filed the case based on the student's statement.