ആലപ്പുഴ ചെന്നിത്തലയിൽ നിർമാണത്തിലിരുന്ന കീച്ചേരിൽകടവ് പാലത്തിന്റെ സ്പാൻ തകർന്നുവീണ്  രണ്ട് തൊഴിലാളികൾ മരിച്ചു. ഹരിപ്പാട് സ്വദേശി ബിനു, കല്ലുമല സ്വദേശി രാഘവ് കാർത്തിക് എന്നിവരാണ് മരിച്ചത്. പുഴയുടെ ശക്തമായ ഒഴുക്കിൽ സ്പാനിന് ബലക്കുറവ് ഉണ്ടായെന്നാണ് നിഗമനം. അതേസമയം പൊതുമരാമത്ത് മന്ത്രി വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് തേടി.

കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഒടിഞ്ഞ സ്ക്രൂ മാറ്റാൻ ഇറങ്ങുമ്പോഴാണ് സ്പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണത്. അഞ്ചുപേർ നീന്തിക്കയറി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അച്ചൻകോവിലാറ്റിലെ വലിയ നീരൊഴുക്ക് തടസ്സമായി.

ഫയർഫോഴ്സ് സ്ക്യൂബ ടീമും ആലപ്പുഴയിൽ നിന്ന് എത്തിയ എൻഡിആർഎഫ് ടീമുമാണ് തിരച്ചിൽ നടത്തിയത്. മന്ത്രി സജി ചെറിയാൻ സ്ഥലത്തെത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മാവേലിക്കര സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ENGLISH SUMMARY:

Chennithala bridge collapse: Two laborers tragically died in Alappuzha after a span of the under-construction Keecherilkadavu bridge collapsed. The Public Works Minister has sought an urgent report on the incident, which occurred during concreting.