കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി സിറോ മലബാർ സഭയിൽ ഭിന്നസ്വരം. ബി.ജെ.പി അനുകൂല നിലപാടെടുത്ത മാർ ജോസഫ് പാംപ്ലാനിയെ ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ തിരുത്തി. പാംപ്ലാനിയുടേത് വ്യക്തിപര അഭിപ്രായമെന്ന് മാർ പോളി കണ്ണൂക്കാടൻ വ്യക്തമാക്കി. ഈ അഭിപ്രായത്തോടെ സിറോ മലബാർ സഭയിലെ മറ്റു ബിഷപ്പുമാർക്ക് വിയോജിപ്പുണ്ട്. പരസ്യമായി ഈ വിയോജിപ്പ് മാർ പോളി കണ്ണൂക്കാടൻ പ്രകടിപ്പിച്ചു. സിറോ മലബാർ സഭയുടെ അഭിപ്രായമായി പാംബ്ലാനിയുടെ പ്രസ്താവന കാണ്ടേതില്ലെന്ന് മാർ പോളി കണ്ണൂക്കാടൻ വ്യക്തമാക്കി.
തെരുവിലിറങ്ങിയുള്ള ക്രൈസ്തവ സഭാവിശ്വാസികളുടെ പ്രതിഷേധം തുടരുകയാണ്. കള്ളക്കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. സന്യസ്തർക്ക് സ്വതന്ത്രമായി തിരുവസ്ത്രം ധരിച്ച് സഞ്ചരിക്കണം. ഉത്തരേന്ത്യയിൽ സന്യസ്തർ ഭീതിയോടെയാണ് തിരുവസ്ത്രം ധരിച്ച് സഞ്ചരിക്കുന്നത്. ഏതുസമയവും സംഘ്പരിവാർ സംഘടനകളുടെ ആക്രമണത്തിനിരയാകാം. ഈ അവസ്ഥയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പിന്തുണച്ച മാർ ജോസഫ് പാംബ്ലാനി സഭയിൽ ഒറ്റപ്പെടാനാണ് സാധ്യത. കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീകൾ ജയിലിൽ കിടന്നത് ഒൻപതു ദിവസമാണ്. സന്യസ്തർ നേരിടുന്ന പ്രശ്നങ്ങൾ രൂക്ഷമായി തുടരുമ്പോൾ എല്ലാം അവസാനിച്ചെന്ന മട്ടിലുള്ള മാർ ജോസഫ് പാംബ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന സഭവിശ്വാസികളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾക്കും ഈ പ്രസ്താവന പിടിച്ചിട്ടില്ല. സഭയ്ക്കുള്ളിൽ ക്രെഡിറ്റിനെ ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടെന്ന് മാർ പോളി കണ്ണൂക്കാടൻറെ പരസ്യപ്രതീകരണത്തോടെ വ്യക്തമായി.