ഇന്നലെ കൊച്ചിയിൽ അന്തരിച്ച സാഹിത്യകാരനും അധ്യാപകനും വാഗ്മിയുമായ പ്രൊഫ. എം.കെ.സാനുവിന്റെ സംസ്കാരം ഇന്ന്. രാവിലെ 9 മണി മുതൽ പത്തുവരെ എറണാകുളം കാരക്കാമുറിയിലെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം എറണാകുളം ടൗൺഹാളിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് 5 മണിക്ക് രവിപുരം പൊതുശ്മശാനത്തിലാണ് സംസ്കാരം.
വീട്ടിൽ വീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് പ്രൊഫ. എം.കെ.സാനു മരിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ ഇന്നലെ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
ദീര്‍ഘകാലം കോളജ് അധ്യാപകനായിരുന്ന എംകെ സാനു കേരള നിയമസഭാംഗവുമായിരുന്നു. 1927 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് സാനുമാസ്റ്റര്‍ എന്ന് മലയാളം പ്രിയത്തോടെ വിളിച്ച എം.കെ.സാനു ജനിച്ചത്. കണ്ടയാശാൻ സ്കൂളിൽ പ്രാഥമിക പഠനം. ആലപ്പുഴയിലെ ലിയോ 13 സ്കൂൾ, എസ്.ഡി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനവും പൂര്‍ത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു വിരമിച്ചു.