കേരള സർവകലാശാല സിൻഡിക്കേറ്റിനെതിരെ വീണ്ടും വൈസ് ചാൻസലർ. സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സർവകലാശാല ഭരണത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്തമാക്കി നോട്ടിസ് നൽകി. ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അവകാശമില്ല. സിൻഡിക്കേറ്റ് അംഗങ്ങൾ ഫയലുകൾ വിളിച്ചുവരുത്താൻ പാടില്ല. അംഗങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ മാത്രമേ അഭിപ്രായങ്ങൾ പറയാനും നിർദേശങ്ങൾ നൽകാനും പാടുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ വിസിയുടെ അനുമതിയോട് കൂടി മാത്രം തീരുമാനമെടുക്കണം. യോഗത്തിന് പുറത്ത് പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കില്ല. അംഗങ്ങളുടെ സമൻസുകൾക്കും നിർദേശങ്ങൾക്കും ജീവനക്കാർ മറുപടി നൽകേണ്ട. അത്തരത്തിൽ ഇടപെടലുകൾ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായാൽ വിസിയെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. വൈസ് ചാൻസലർക്കുവേണ്ടി റജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
അതേസമയം, സർവകലാശാലകളിലെ ഭരണ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രിമാരായ ആർ.ബിന്ദുവും, പി.രാജീവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരായി സർക്കാർ നൽകിയ പട്ടികയിൽ നിന്നുള്ളവരെ അംഗീകരിക്കണമെന്ന ആവശ്യം അറിയിച്ചു. കേരള സർവകലാശാലയിലെ വൈസ് ചാൻസലറും, സിൻഡിക്കറ്റും തമ്മിലുള്ള തർക്കങ്ങളും മന്ത്രിമാർ ഗവർണറെ ധരിപ്പിച്ചു. പരിശോധിച്ച് തുടർ ഇടപെടൽ നടത്താമെന്ന് ഗവർണർ മന്ത്രിമാരെ അറിയിച്ചു. ബി.എൽ. അരുണിന്‍റെ റിപ്പോർട്ട്.