സഭാ തർക്കം ശാശ്വതമായി പരിഹരിക്കാൻ ചർച്ചകളുണ്ടാകണമെന്ന് യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. പരസ്പരം അന്തസ് നിലനിർത്തി മുന്നോട്ടുപോകാൻ കഴിയണമെന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കി. സ്ഥാനമേറ്റ ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് നൽകിയ സ്വീകരണം ചടങ്ങിലായിരുന്നു വാക്കുകൾ.
സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ സഭാ നേതൃത്വവും വിശ്വാസികളും ചേർന്നാണ് സഭാ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായെ വരവേറ്റത്. സ്വീകരണം ഏറ്റുവാങ്ങിയ ശ്രേഷ്ഠ ബാവാ സഭാ തർക്കത്തിൽ പരിഹാരം ഉണ്ടാകണമെന്ന് പറഞ്ഞു.
സ്വീകരണം ഉദ്ഘാടനം ചെയ്ത മന്ത്രി വി.ശിവൻകുട്ടി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് കോടതിക്ക് തന്നെ കാര്യങ്ങൾ ബോധ്യമായതിനാലാണെന്ന് ബി.ജെ.പിയെ ഉന്നമിട്ട് പറഞ്ഞു. മുൻ കേന്ദ്രമന്ത്രി വി.മുരളീധരനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
യാക്കോബായ സഭയുടെ വൈദിക സെമിനാറി റസിഡന്റ് മെത്രാപ്പൊലീത്ത ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് അധ്യക്ഷനായി. സീറോ മലബാർ സഭ ചടങ്ങനാശേരി അർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ആന്റണി രാജു എം.എൽ.എ നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ ഡോ.വിൻസന്റ് സാമുവൽ, മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ജിജി തോംസൺ തുടങ്ങിയവർ സംസാരിച്ചു.