മലയാളി കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ആക്രമിച്ച ബജ്റംങ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിച്ചു. കേസിനെ ഭയമില്ലെന്ന് ബജ്റംങ്ദള്‍ പ്രവര്‍ത്തക ജ്യോതി ശര്‍മ മനോരമ ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടികളെ സമ്മര്‍ദത്തിലാക്കി മൊഴിമാറ്റിപ്പിച്ചെന്നും ജ്യോതി പറഞ്ഞു.
ഛത്തിസ്ഗഡ് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം നാരായണ്‍പൂരിലെത്തി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ കണ്ടു. മര്‍ദനം, ഭീഷണി, ജാതി അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി ജ്യോതി ശര്‍മയ്ക്കെതിരെ കേസെടുക്കണമെന്നാണ് ആദിവാസി യുവതികളുടെ പരാതി. എന്നാല്‍ മറ്റാരോ പറഞ്ഞുകൊടുത്ത മൊഴിയാണ് യുവതികള്‍ ഇപ്പോള്‍ പറയുന്നതെന്ന് ജ്യോതി ശര്‍മ ആരോപിക്കുന്നു.
ബജ്റംഗ് ദളിനെതിരെ പരാതി നല്‍കാന്‍ പിന്തുണച്ച സിപിഐ നേതാക്കളെ തീവ്രഹിന്ദു സംഘടനകള്‍ ഭീഷണിപ്പെടുത്തിയെന്ന് പി.സന്തോഷ് കുമാര്‍ എംപി ആരോപിച്ചു. പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ച് സിപിഐ നാളെ നാരായണ്‍പൂരില്‍ പ്രതിഷേധിക്കും.