യുവതികള്‍ മൊഴി മാറ്റിയത് മറ്റാരോ പറഞ്ഞ് പഠിപ്പിച്ചത് പ്രകാരമെന്ന് ഛത്തീസ്ഗഡിലെ ബജ്റംഗ്‍ദള്‍ നേതാവ് ജ്യോതി ശര്‍മ. പരാതിയേയോ കേസിനേയോ ഭയക്കുന്നില്ല. ബജ്റംഗ്‍ദളിനെതിരെ പരാതി കൊടുത്ത യുവതികള്‍ മൂന്നുപേരും പറയുന്നത് മൂന്ന് തരത്തിലാണ്. മറ്റാരോ പറഞ്ഞ് പഠിപ്പിച്ചപോലെയാണ് പരാതിയും മൊഴിയും. സിപിഐ പ്രതിഷേധിക്കുന്നത് അവരുടെ സ്വാതന്ത്ര്യമെന്നും ജ്യോതി ശര്‍മ മനോരമ ന്യൂസിനോട് പറഞ്ഞു.
‘നുണ പറയുകയാണ് യുവതികള്‍, പലരും പല തരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്, ഒരു യുവാവും യുവതിയും ഒന്ന് പറയുന്നു, മറ്റൊരു യുവതി വേറൊന്ന് പറയുന്നു എന്നാണ് ജ്യോതി ശര്‍മയുടെ ആരോപണം. റയില്‍വേ സ്റ്റേഷനില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്, വലിയ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, ക്യാമറ നോക്കിയാല്‍ സത്യം മനസ്സിലാകുമെന്നും ജ്യോതി ശര്‍മ. മര്‍ദനം, ഭീഷണി, ജാതി അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തി ജ്യോതി ശര്‍മയ്ക്കെതിരെ കേസെടുക്കണമെന്നാണ് ആദിവാസി യുവതികളുടെ പരാതി.
സി. വന്ദനയെയും സി. പ്രീതിയെയും തടഞ്ഞുവയ്ക്കുകയും കൂടെയുണ്ടായിരുന്ന യുവതികളെയും യുവാവിനെയും ഭീഷിപ്പെടുത്തുകയും ചെയ്തത് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ്.