ed1

TOPICS COVERED

കൈക്കൂലി കേസിൽ പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർകുമാറിന് കുരുക്കായി കോടികളുടെ സാമ്പത്തികയിടപാടുകള്‍. അഞ്ച് വർഷത്തിനിടെ കോടികളുടെ ഓഹരിനിക്ഷേപം നടത്തിയതിന്‍റെ വിവരങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്.  കൈക്കൂലിയിടപാടുകളിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കും വിജിലൻസ് സംശയിക്കുന്നു.

കേസില്‍ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ വിജിലന്‍സ് രണ്ട് ദിവസമാണ് ചോദ്യം ചെയ്തത്. സാധാരണ മറ്റുള്ളവരെ ചോദ്യമുനയില്‍ നിര്‍ത്തുന്ന ഉദ്യോഗസ്ഥന് വിജിലന്‍സിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും ഉത്തരംമുട്ടി. കൈക്കൂലിയിടപാടുകള്‍ സംബന്ധിച്ച പരാതി ശേഖര്‍ കുമാര്‍ ആദ്യം നിഷേധിച്ചു. പിന്നീട് കേസിലെ പ്രതികളുമായി നടത്തിയ ഫേസ്ടൈം കോളുകളുടെ തെളിവുകളടക്കം വിജിലന്‍സ് നിരത്തിയതോടെയാണ് ശേഖര്‍കുമാറിന് ഉത്തരംമുട്ടിയത്. കൂടുതലൊന്നും വിട്ടുപറഞ്ഞില്ലെങ്കിലും നിര്‍ണായകമായ പല വിവരങ്ങളും ചോദ്യംചെയ്യലില്‍ വിജിലന്‍സിന് ലഭിച്ചു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ നടന്ന സാമ്പത്തികയിടപാടുകളാണ് ഇതില്‍ നിര്‍ണായകം. കോടികളാണ് ഓഹരിയിടപാടുകളില്‍ ശേഖര്‍കുമാറിന്‍റെ നിക്ഷേപം. വാങ്ങുന്ന ശമ്പളത്തിന്‍റെ നാലിരട്ടിവരെ ഓഹരിയിടപാടുകള്‍ക്കായി വിനോയഗിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്‍റെ സാമ്പത്തിക സ്രോതസുള്‍പ്പെടെ കണ്ടെത്താന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. കൊച്ചി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് കേസുകളുടെ പേരിലും കൈക്കൂലിയിടപാടുകള്‍ നടന്നതായും വിജിലന്‍സ് സംശയിക്കുന്നു. ഇടപാടുകളില്‍ ശേഖര്‍കുമാര്‍ ഒറ്റയ്ക്കല്ലെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. കേസില്‍ ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റംമാത്രമാണ്. അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന എസ് പി എസ്. ശശിധരനെ സ്ഥലംമാറ്റിയെങ്കിലും അന്വേഷണം ഊര്‍ജിതമായി തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് വിജിലന്‍സ് നീക്കം. 

ENGLISH SUMMARY:

Crores worth of financial transactions have landed ED Assistant Director Shekhar Kumar, accused in a bribery case, in deeper trouble. Vigilance has uncovered details of massive stock investments made over the past five years. Officials suspect the involvement of more personnel in the bribery network.