തലശേരിയിലും വടകരയിലും സ്വകാര്യ ബസുകള്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. പണിമുടക്ക് പിന്‍വലിച്ചിട്ടും ഇന്നലെ ബസുകള്‍ സര്‍വീസ് നടത്താതിരുന്ന ബസുകളാണ് തടഞ്ഞത്. ബസ് തടഞ്ഞതോടെ വടകരയില്‍ വീണ്ടും പണിമുടക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. തലശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ജീവനക്കാരും ഉന്തുംതള്ളുമുണ്ടായി.
പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വിഷ്ണുവിനെ മര്‍ദിച്ച കേസിലെ സ്വര്‍ണക്കടത്ത്, ഗുണ്ടാ സംഘത്തില്‍ പെട്ട പ്രതികളെ പിടിയ്ക്കാത്തതിലായിരുന്നു ബസ് പണിമുടക്ക് നാല് ദിവസമായി നടന്നുവന്നത്. ഇതിനിടെ തലശേരി എഎസ്പിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്നലെ മുതല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചെങ്കിലും ഭൂരിഭാരം ജീവനക്കാരും സഹകരിച്ചില്ല. ഇന്നലെ വീണ്ടും ചര്‍ച്ച നടത്തി ഇന്ന് തൊട്ട് ബസുകള്‍ ഓടാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ഇന്ന് രാവിലെ സര്‍വീസ് നടത്താനൊരുങ്ങുമ്പോഴാണ് തലശേരിയിലും വടകരയിലും ഡിവൈഎഫ്ഐ നേതാക്കളെത്തി തടഞ്ഞത്.
ഇന്നലെ ഓടിയ ബസ് ആണെങ്കില്‍ ഇന്ന് ഓടിയാല്‍ മതിയെന്നായിരുന്നു നിലപാട്. യാത്രക്കാരെ ഇറക്കിവിട്ടു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രഖ്യാപിച്ച നാഥനില്ലാത്ത പണിമുടക്കാണ് ഇന്നലത്തേതെന്നാണ് ഡിവൈഎഫ്ഐ ആരോപണം. വടകരയില്‍ ബസുകള്‍ തടഞ്ഞതോടെ വീണ്ടും പണിമുടക്കിലേക്ക് പോയെങ്കിലും ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പില്‍ തീരുമാനം മാറ്റുകയായിരുന്നു. അനാവശ്യ ബസ് സമരത്തില്‍ നടപടിയെടുക്കുമെന്ന് പൊലീസും വ്യക്തമാക്കി.