ഡോ. ഹാരിസ് ചിറയ്ക്കല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതിരോധത്തിലായി ബി.ജെ.പി നേതാവ് വി. മുരളീധരന്‍. ഹാരിസ് ചിറയ്ക്കലിനെ കേരളത്തിന്‍റെ കഫീല്‍ ഖാന്‍ എന്നാണ് വി. മുരളീധരന്‍ ഉപമിച്ചത്. കമന്‍റ് ബോക്സില്‍ പരിഹാസങ്ങളായതോടെ അദ്ദേഹം പോസ്റ്റ് തിരുത്തുകയായിരുന്നു.
Also Read: അന്വേഷണം നടക്കട്ടെ; നോട്ടിസിന് മറുപടി നല്‍കും: ഡോ. ഹാരിസ്
'കേരളത്തിലെ കഫീല്‍ ഖാനെ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതില്‍ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവന്‍രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്' എന്നായിരുന്നു വി. മുരളീധരന്‍റെ പോസ്റ്റ്. 'യു.പി സർക്കാർ കഫീൽ ഖാനെ കള്ളക്കേസിൽ കുടുക്കിയെന്ന്' ഇങ്ങനെയാണ് ഒരു കമന്‍റ്. 'യോഗി ആദിത്യനാഥ് സർക്കാറിനെ പരോക്ഷമായി വിമർശിക്കാനുള്ള ധൈര്യം താങ്കൾ കാണിച്ചത് അഭിനന്ദനീയമാണ്. കീപ്പിറ്റപ്പ്' എന്നായിരുന്നു മറ്റൊരാള്‍ കമന്‍റിട്ടത്.
ഇതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത്, 'ഡോ.ഹാരിസ് ചിറയ്ക്കലിനെ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കാനാണ് പിണറായിയുടെ നീക്കം' എന്നാക്കി മാറ്റുകയായിരുന്നു.
2017ൽ ഗോരഖ്പുർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 32 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ യു.പി സര്‍ക്കാറിന്‍റെ നടപടി നേരിട്ടയാളാണ് ശിശുരോഗവിദഗ്ധൻ ഡോ. കഫീൽ അഹമ്മദ് ഖാൻ. ആരോഗ്യവകുപ്പിനെ വിമർശിച്ചും ഓക്സിജൻ സിലിണ്ടർ അടക്കമുള്ളവയുടെ ക്ഷാമം ചൂണ്ടിക്കാട്ടിയും രംഗത്തുവന്ന കഫീൽ ഖാനെ യുപി സർക്കാർ ജയിലിലടച്ചിരുന്നു.