adeena-case

നെയ്യാറ്റിന്‍കര ഷാരോണ്‍–ഗ്രീഷ്മ കേസിനു സമാനമായ കേസെന്ന് ആദ്യം മുതലേ സൂചന നല്‍കിയ സംഭവമായിരുന്നു കോതമംഗലത്തെ അന്‍സിലിന്റെ കൊലപാതകം. ‘അവളെന്നെ ചതിച്ചെടാ’ എന്ന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സുഹൃത്തിനോട് പറഞ്ഞത് പൊലീസിലും സംശയം ജനിപ്പിച്ചു. അദീന അന്‍സിലിനെ വിഷം കൊടുത്തുകൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചുകഴിഞ്ഞു. അന്നുരാത്രി അദീന അന്‍സിലിനെ വീട്ടിലേക്കുവിളിക്കും മുന്‍പ് വീട്ടിലെ സിസിടിവി ഓഫ് ചെയ്തിരുന്നു. വിഷം വാങ്ങിയതിന്റേയും വീട്ടില്‍ സൂക്ഷിച്ചതിന്റേയും തെളിവുകള്‍ പൊലീസിനു ഇന്നലെത്തന്നെ ലഭിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലേക്ക് മാറ്റി.

ansil-body

സാമ്പത്തിക പ്രശ്നമാണ് ഒരു വര്‍ഷത്തിലേറെയായി ബന്ധമുണ്ടായിരുന്ന അന്‍സിലിനെ വകവരുത്താന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. അന്‍സിലിനെതിരെ അദീന നേരത്തെ പരാതി നല്‍കിയിരുന്നു‌. അൻസിൽ മർദ്ദിച്ചതായി കാണിച്ചാണ് ഒരു വർഷം മുമ്പ് അദീന കോതമംഗലം പൊലീസിൽ  പരാതി നൽകിയത്. ഈ കേസ് രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. ഒത്തുതീർപ്പു പ്രകാരമുള്ള പണം നല്‍കാമെന്ന ഉറപ്പിന്‍മേലായിരുന്നു കേസ് പിന്‍വലിച്ചത്. എന്നാല്‍ ഈ തുക നല്‍കാന്‍ അന്‍സില്‍ തയ്യാറാകാതിരുന്നതും അദീനയുടെ പ്രതികാരത്തിനു ആക്കം കൂട്ടി. 

ഒറ്റയ്ക്ക് താമസിക്കുന്ന അദീന രാത്രി അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് പറയുന്നത്.  ബുധനാഴ്ച പുലർച്ചെയാണ് വിഷം നൽകിയത്. അൻസിൽ കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ അദീന ഡിസ്‌പോസിബിൾ ഗ്ലാസിൽ കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകുകയായിരുന്നു. അബോധാവസ്ഥയിലായതോടെ അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചു.തുടർന്ന് പൊലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

adeena-police

വ്യാഴാഴ്ച രാത്രി എട്ടിനാണ് അന്‍സില്‍ മരിച്ചത്. ആംബുലൻസിൽ വച്ച് അദീന വിഷംനൽകിയെന്ന് അൻസിൽ ബന്ധുവിനോട് വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. അദീന അവിവാഹിതയാണ്. ഇരുവരും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്കും പതിവായിരുന്നു. ചെമ്മീൻ കുത്തിലുള്ള അദീനയുടെ വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്‍റെ നീക്കം

ENGLISH SUMMARY:

The murder of Ansil in Kothamangalam was suspected from the beginning to be similar to the Neyyattinkara Sharon–Greeshma case. The words "She cheated me, da" spoken by Ansil to his friend while being taken to the hospital raised suspicion even among the police. The police have now obtained clear evidence indicating that Adheena killed Ansil by poisoning him in a meticulously planned manner.