sanu-funeral

TOPICS COVERED

മലയാള സാംസ്കാരിക ലോകത്തെ ഹിമവാൻസാനുവായി തലയുയർത്തി നിന്ന പ്രഫ. എം.കെ. സാനു അന്തരിച്ചു. സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം തലപൊക്കത്തിൽ നിന്ന സാനുമാഷ്, 98 ാം വയസ്സിലാണ് വിടപറഞ്ഞത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ 8ന് വീട്ടിൽ എത്തിക്കും. 10വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കാരം

Also Read: സാനുമാഷ് അന്തരിച്ചു; അക്ഷരയാത്ര അവസാനിച്ചു

പ്രാർഥനയെ സാർഥകമാക്കിയ ജീവിതം. മലയാളക്കരയ്ക്കാകെ പ്രിയങ്കരൻ. എം.കെ. സാനു ആലപ്പുഴയിലെ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കും കാലം. ഒരു ദിവസം അധ്യാപകൻ കുട്ടികളോടു പറഞ്ഞു. നിങ്ങൾക്ക് ആരാകണം. ഒരു കടലാസിൽ എഴുതിനൽകൂ. അതിലൊരു കടലാസിൽ ഇങ്ങനെയെഴുതിയിരുന്നു. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ. ദിവാകരൻ നളിനിയോടു പറഞ്ഞ വാക്കുകൾ കടലാസിലെഴുതിയത് സാനുവായിരുന്നു. എട്ടാം ക്ലാസിൽ കടലാസിൽ എഴുതിവച്ചതെന്തോ, അക്ഷരാർഥത്തിൽ അതായ ഗുരുശ്രേഷ്ഠൻ. എൺപതിലധികം പുസ്തകങ്ങളെഴുതി, സ്കൂളിലും കോളജിലും അധ്യാപകനായി, പ്രഭാഷകനായി, സാഹിത്യ നിരൂപകനായി, സാംസ്കാരിക–ജീവകാരുണ്യ പ്രവർത്തകനായി. എല്ലാവർക്കും ഉപകാരിയുമായി.

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിൽ ജനനം. അതീവ സമ്പന്ന കുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ഇല്ലായ്മയുടെയും, നിസ്സഹായതയുടെയും നിഴലിലായി. അതിന്‍റെ കയ്പുനീർകുടിച്ചാണ് യൗവ്വനം പിന്നിട്ട് സാഹിത്യ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. നാലുവർഷം സ്കൂൾ അധ്യാപകൻ. പിന്നിട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകൻ. 1958ൽ അഞ്ചു ശാസ്ത്ര നായകൻമാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശന ഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. 86ൽ പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായി. കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ തോൽപ്പിച്ച് 87ൽ എറണാകുളം മണ്ഡലത്തിൽ നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലുമെത്തി.

കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ. വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പ്രഭാത ദർശനം, നാരായണ ഗുരുസ്വാമി, സഹോദരൻ കെ. അയ്യപ്പൻ, മൃത്യുഞ്ജയം, കാവ്യജീവിതം, അയ്യപ്പപ്പണിക്കരും അയ്യപ്പപ്പക്കരും എന്നിങ്ങനെ നീളുന്ന രചനകളും. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം, യുക്തിവാദി എം.സി. ജോസഫ്, ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ എന്നിവ അദ്ദേഹമെഴുതിയ ജീവചരിത്രങ്ങളിൽ ചിലതാണ്. തപസ്വനി അമ്മ; അപലകൾക്ക് ശരണമായി ജീവിച്ച പുണ്യവതി എന്നപേരിൽ സഹോദരൻ അയ്യപ്പന്‍റെ സഹോദരിയെക്കുറിച്ച് ജൂണിൽ പുറത്തിറങ്ങിയതാണ് ഒടുവിലത്തെ രചന. സാഹിത്യസപര്യയ്ക്ക് വിനിയോഗിച്ചാണ് സാനുമാസ്റ്റർ കോവിഡ് കാലത്തെ നേരിട്ടത്. 5 പുസ്തകങ്ങൾ അക്കാലമെഴുതി. എവിടെ സംസാരിക്കുമ്പോഴും ‘ഒരു മണൽത്തരിയോളം ചെറുതാണു ഞാൻ’ എന്നാണ് അദ്ദേഹം സ്വയം പറയാറ്. ആരും എന്നെക്കാൾ താണവരാണെന്നു തോന്നിയിട്ടേയില്ലെന്ന പറഞ്ഞ അദ്ദേഹത്തിന്‍റെ ജീവിതം അതിന് സാക്ഷ്യവുമാണ്.

ENGLISH SUMMARY:

English:** Prof. M.K. Sanu, a colossus in the Malayalam cultural world and a revered literary critic, teacher, and orator, has passed away at 98. His life was dedicated to literature and public service, leaving an indelible mark on Kerala's cultural landscape.