മലപ്പുറം മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറാണ് പൊലീസ് മർദനത്തിന് ഇരയായത്. സംഭവത്തിന്‍റെ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. പൊലീസുകാരന്‍ ജാഫറിന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ കുത്തിപ്പിടിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. ALSO READ; വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസ്; ദൃശ്യങ്ങള്‍
സംഭവം വിവാദമായതോടെ പൊലീസുകാരന് സ്ഥലംമാറ്റമായി. ട്രാഫിക് പൊലീസ് ഡ്രൈവറായ നൗഷാദിനെ പടിഞ്ഞാറ്റുംമുറി എആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. ജാഫറിനെ പൊലീസുകാരന്‍ മര്‍ദിക്കുമ്പോള്‍ മറ്റു പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് പിടിച്ചു മാറ്റിയത്. പിന്നീട് ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതിയില്ലെന്ന് ബലമായി എഴുതി വാങ്ങിയെന്നും പറയുന്നു. ശേഷം ജാഫർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ജാഫർ. മഞ്ചേരി കച്ചേരിപ്പടിക്കടുത്ത് അരികിഴായയിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ജാഫർ ഓടിച്ച വാഹനം പൊലീസ് തടഞ്ഞു നിർത്തിയത്. കാക്കി ഷർട്ട് ഇടാത്തതിന്റെ പേരിൽ 250 രൂപ പിഴ അടയ്ക്കാൻ ആദ്യം ആവശ്യപ്പെട്ടു. പിന്നീട് പിഴ അടയ്ക്കാനുള്ള രസീതി നൽകിയപ്പോൾ തുക 500 രൂപയായി ഉയർന്നു. താൻ കൂലിപ്പണിക്കാരൻ ആണന്നും പിഴുത്തുക കുറയ്ക്കണം എന്നും ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചത് എന്നാണ് പരാതിയില്‍ ജാഫര്‍ പറഞ്ഞിരുന്നത്.